ജില്ല ശാസ്ത്രോത്സവത്തിന് നാളെ കക്കാട്ട് കൊടിയേറും
പൊതു വിദ്യാലയങ്ങളിലെ മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി കക്കാട്ട് ഗവൺമെന്റ് ഹയർസെക്കൻ്ററി സ്‌കൂളിൽ നടക്കും. ജില്ലയിലെ ഏഴ് ഉപജി ല്ലകളിൽ നിന്നായി 150 ഇനങ്ങളിൽ മൂവ്വായിരത്തോളം കുട്ടികൾ മാറ്റുരക്കും. ഒഫിഷ്യൽസും അധ്യാപകരുമടക്കം ആയിരത്തോളം പേരും പങ്കെടുക്കും. ഒരോ ദിവസവും 4000 പേർക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ 70 മുറികളിലാണ് മത്സരങ്ങൾ നടക്കുക. നാളെ ഗണിത, സാമൂഹ്യ, ശാസ്ത്രമേളയും മറ്റന്നാൾ ഐടി, പ്രവൃത്തി പരിചയമേളയും നടക്കും. ശാസ്ത്രോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി. നാളെ രാവിലെ 10ന് ശാസ്ത്രോത്സവം ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷയാവും. ലോഗോ രൂപ കല്പന ചെയ്തതിനുള്ള ഉപഹാരം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിന് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ എസ് സരിത നൽകും. തദ്ദേശ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വിജയൻ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷയാവും. ശാസ്ത്രമേള വിജയിപ്പിക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ടി രാജേഷ് കുമാർ, പ്രിൻസിപ്പാൾ ആർ ഷീല, എച്ച് എം കെ എം ഈശ്വരൻ, പി ടി എ പ്രസിഡൻ്റ് പി വി രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി വി രതീഷ്, സീനിയർ അസിസ്റ്റൻ്റ് എം കെ പ്രസാദ് എന്നിവർ പങ്കെടുത്തു.
No comments