Breaking News

നീലേശ്വരം തെരു- തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം.കോൺഗ്രസ്സ്.

ഏറെ കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച നീലേശ്വരം പട്ടണത്തിലെ തെരു -- തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെക്കാഡം ടാറിങ്ങ് പ്രവൃത്തി അനന്തമായി നീണ്ടുപോകുന്നതിൽ ദുരൂഹതയുണ്ടെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കാൽ നടയാത്ര ദുസ്സഹമായിട്ട്പോലും നഗരസഭയോ , മറ്റ് അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. താൽക്കാലികമായി ടാറിങ്ങ് പ്രവൃത്തി ചെയ്തിടങ്ങളിൽ കഴിഞ്ഞ മഴയിൽ കുഴികൾ വീണ് തുടങ്ങിയിട്ടുണ്ട്. എന്നിട്ടും മൗനത്തിലായ നീലേശ്വരം നഗരസഭ അധികൃതരുടെ നിലപാടിൽ ശക്തമായി പ്രതിഷേധിക്കുന്നു. ദിവസേന നൂറ് കണക്കിന് ജനങ്ങൾ എത്തുന്ന തളിയിൽ ശിവ ക്ഷേത്രത്തിലും, പരിസരത്തെ ബാങ്കുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് വരുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു. നീലേശ്വരം നഗരത്തെ സൗന്ദര്യവൽക്കരിക്കുമെന്ന് പറഞ്ഞ ഭരണകർത്താക്കൾ, പക്ഷെ നീലേശ്വരം നഗരത്തിൻ്റെ ശവക്കുഴി തോണ്ടുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
റോഡിൻ്റെ മെക്കാഡം ടാറിങ്ങ് പ്രവൃത്തി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് കോൺഗ്രസ്സ് നേതൃത്വം നൽകുവാനും യോഗം തീരുമാനിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, നേതാക്കളായ കെ.വി. ശശികുമാർ, കെ. കുഞ്ഞികൃഷ്ണൻ, കെ.വി സുരേഷ് കുമാർ, സി വിദ്യാധരൻ , കെ. ഭാസ്ക്കരൻ, കെ. രാജീവൻ,പി. നളിനി, എം.വി ഭരതൻ, വി.വി. സജ്ജയ് കുമാർ,കെ. പി. ശശി, പി. രതീഷ്, കെ. പി. വിനോദ്, കെ.എം രവീന്ദ്രൻ, സതീശൻ മൂലയിൽ, ടി. സുധാകരൻ, കെ. കമലാക്ഷൻ നായർ തേർവയൽ, കെ. സതീശൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.വി. ഗംഗാധരൻ സ്വാഗതവും, ഉണ്ണി വേങ്ങര നന്ദിയും പറഞ്ഞു.

No comments