Breaking News

ആഗോള അയ്യപ്പ സംഗമം: മലബാർ ദേവസ്വം ജീവനക്കാരന് നോട്ടീസ് നൽകിയ നടപടി ജനാധിപത്യ വിരുദ്ധം: അഡ്വ.കെ.ശ്രീകാന്ത്

ആഗോള അയ്യപ്പ സംഗമത്തിൽ ആളെ കൂട്ടാൻ മലബാർ ദേവസ്വം ബോർഡിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത ദേവസ്വം ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ക്ഷേത്ര ചെയർമാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഹൈക്കോടതി കേസിൽ ദേവസ്വം ബോർഡിന് തിരിച്ചടിയാകുമെന്ന ബോധ്യപ്പെട്ട സിപിഐഎമ്മാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മലബാർ ദേവസ്വം ബോർഡിന്റെ ജീവനക്കാർ അടിമകളല്ല. രാഷ്ട്രീയ താൽപര്യത്തോടെ എടുത്തിരിക്കുന്ന ബോർഡിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം ജീവനക്കാർ ഉൾപ്പെടെ ഭക്തജനങ്ങൾക്ക് ഉണ്ടെന്ന് അഡ്വ. കെ. ശ്രീകാന്ത് വ്യക്തമാക്കി. ഹർജി ഫയൽ ചെയ്ത ജീവനക്കാരനെ അച്ചടക്ക നടപടിയിലൂടെ നിശബ്ദനാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

   കാരണം കാണിക്കൽ നോട്ടീസ് നൽകിയ ക്ഷേത്ര ചെയർമാൻ എ. മധു, തനിക്ക് ശമ്പളം കിട്ടാതിരിക്കുമ്പോൾ അതിനെതിരെ സമരം നടത്തിയ വ്യക്തിയാണ്. സ്വന്തം കാര്യം വരുമ്പോൾ അവകാശങ്ങൾക്കായി പോരാടുന്നവർ, അവരുടെ കീഴിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും അതിനെതിരെ ശബ്ദമുയർത്തുമ്പോൾ അച്ചടക്കനടപടിയുടെ വാൾ വീശുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

  ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിച്ചാൽ, അതിനെതിരെ ഉയരുന്ന ഭക്തജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് മുഴുവൻ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

   രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കം പ്രതിഷേധാർഹമാണ്. ജീവനക്കാർക്ക് നൽകേണ്ട അടിസ്ഥാന ആനുകൂല്യങ്ങൾ പോലും നൽകാത്ത ദേവസ്വം ബോർഡ്, സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം നടത്തുന്ന അയ്യപ്പ സംഗമത്തിൽ ആളെ പങ്കെടുപ്പിക്കാൻ ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

   മലബാർ ദേവസ്വം ബോർഡിന്റെ ജീവനക്കാർ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാൻ അടിയന്തരമായി ദേവസ്വം ബോർഡും സർക്കാരും തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

No comments