അന്താരാഷ്ട്ര ശുദ്ധവായു ദിനം ജില്ലാതല ഉദ്‌ഘാടനം സംഘടിപ്പിച്ചു.
ലോക ശുദ്ധവായു ദിനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ പി രഞ്ജിത്ത് നിർവഹിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി എസ് അരുൺ സ്വാഗതവും കരിയർ മാസ്റ്റർ പി സമീർ സിദ്ധിഖി നന്ദിയും പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എം എ അബ്ദുൽ ബഷീർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി പി ഹസീബ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സ്റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്ത്, സീനിയർ അസിസ്റ്റന്റ് സി ശാരദ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാർ ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ പി രഞ്ജിത്ത് നയിച്ചു.
ശുദ്ധവായുവിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വർഷവും സെപ്റ്റംബർ 7 ന് അന്താരാഷ്ട്ര ശുദ്ധവായു ദിനം (International Day of Clean Air for Blue Skies) ആചരിക്കുന്നു. 2019-ൽ യു.എൻ പൊതുസഭയാണ് ഈ ദിനം പ്രഖ്യാപിച്ചത്. വായുമലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ലോകരാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിനും ഈ ദിനാചരണം സഹായിക്കുന്നു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി തത്സമയ പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.
No comments