എയിംസ്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാർഹം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജി നിലനിൽക്കുമ്പോഴും കേരളത്തിൽ എയിംസ് അനുവദിക്കുന്നത് ആലപ്പുഴയിലോ തൃശൂരോ ആയിരിക്കണമെന്നും അതല്ലെങ്കിൽ തമിഴ്നാട്ടിൽ അനുവദിക്കാൻ നിർദ്ദേശിക്കും എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാസറഗോഡ് ജനതയോടുള്ള വെല്ലുവിളിയാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ആരോപിച്ചു. മന്ത്രിയാകുന്നതിന് മുമ്പ് കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരെ സന്ദർശിച്ച് അവരുടെ കൂടെ നിൽക്കുമെന്നും എയിംസ് അടക്കമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ന്യൂനത കാസർകോടിൻ്റെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നും ജില്ലയുടെ മികച്ച ചികിത്സാ സൗകര്യത്തിനായി പ്രവർത്തിക്കുമെന്നും വാ തോരാതെ പ്രസംഗിച്ചിട്ടുള്ള ശ്രീമാൻ സുരേഷ് ഗോപി; കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടപ്പോൾ കാസർകോടിനെ മറന്നത് സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്ന് പോയി എന്നതിനെ അന്വർഥമാക്കുന്നതായി കൂട്ടായ്മ അഭിപ്രായപ്പെട്ടു. എയിംസ് അല്ലെങ്കിൽ തത്തുല്യമായ കേന്ദ്ര മെഡിക്കൽ കോളജ് ജില്ലയിൽ സ്ഥാപിക്കും എന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത ജില്ലാ ബിജെപി നേതൃത്വം മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറയാൻ തയ്യാറാകണമെന്നും എയിംസ് അടക്കമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ജില്ലയിൽ അനുവദിച്ചു കിട്ടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയ കക്ഷികൾ എയിംസ് വിഷയത്തിലുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോഓർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളെ മാനസീകമായി വേദനിപ്പിച്ച കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ 6 വർഷക്കാലമായി പ്രത്യക്ഷമായും കോടതി വ്യവാഹാരത്തിലൂടെയും സമരമുഖത്ത് നിലകൊള്ളുന്ന എയിംസ് ജനകീയ കൂട്ടായ്മയെ തുടർ സമരപരിപാടികൾക്ക് രൂപം നൽകുന്നതിന് നിർബന്ധിതമാക്കുമെന്നും കൂട്ടായ്മ നേതാക്കൾ സംയുക്ത വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
No comments