Breaking News

അനധികൃത മത്സ്യ ബന്ധനം നടത്തിയ നാല് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 9 ലക്ഷം രൂപ പിഴ ഈടാക്കി. .

അനധികൃത മത്സ്യ ബന്ധനം നടത്തിയ നാല് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 9 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെൻ്റ്- കോസ്റ്റൽ പോലീസ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. വെള്ളിയാഴ്ച രാത്രി അഴിത്തല പടിഞ്ഞാറ് ഭാഗം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ പെയർ ട്രോളിങ്ങ്, രാത്രികാല ട്രോളിങ്ങ്, കരവലി എന്നിവ നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കോഴിക്കോട് നിന്നുള്ള ഗ്രാൻഡ്, ഉമറുൾ ഫാറൂക്ക്, കണ്ണൂർ നിന്നുള്ള സീ ഫ്ലവർ, കർണാടകയിൽ നിന്നുള്ള സുരക്ഷാ എന്നീ ബോട്ട് ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
      ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി അരുണേന്ദു രാമകൃഷ്ണൻ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംങിലെ ശരത്കുമാർ, അർജുൻ, തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുനീഷ്, ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ 2657 സജിത്ത്, കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ 2003 ഗിരീഷ്, സീ റെസ്ക്യു ഗാർഡ്മാരായ അജീഷ് കുമാർ, ശിവകുമാർ, സേതു മാധവൻ, മനു സ്രാങ്ക് മുഹമ്മദ് ഇക്‌ബാൽ, ഡ്രൈവർ അഷറഫ്, ഡ്രൈവർ സതീശ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 
        രണ്ട് ബോട്ടുകൾ ചേർന്ന് ട്രോൾ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനെയാണ് ബുൾ ട്രോളിംഗ് അഥവാ പെയർ ട്രോളിംഗ് എന്ന് പറയുന്നത്. കേരളാ സർക്കാരും കേന്ദ്രസർക്കാരും നിരോധിച്ചിട്ടുള്ള മത്സ്യബന്ധന രീതിയാണിത്. നിരോധിച്ചിട്ടുള്ള വല നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും ഗതാഗതം ചെയ്യുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നീമ ബീഗം അറിയിച്ചു.

No comments