കാൽ നൂറ്റാണ്ടിന്റെ ഇടവേളയിൽ വീണ്ടുമൊരു കായിക മത്സരം: പങ്കെടുത്ത രണ്ടിനങ്ങളിലും സമ്മാനം നേടി മനോജ് പള്ളിക്കര
ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ടിനങ്ങളിലും സമ്മാനം നേടി കായികാധ്യാപകനും സംഘാടകനുമായ മനോജ് പള്ളിക്കര.
20 വയസിന് മേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഹാമർത്രോയിൽ രണ്ടാം സ്ഥാനവും ലോങ് ജമ്പിൽ മൂന്നാം സ്ഥാനവും നേടി. നാലാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ 1986 ൽ ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുത്ത് ലോങ് ജമ്പിലും ഹൈജമ്പിലും ഒന്നാമനായാണ് കായിക മേഖലയിലേക്ക് ഇദ്ദേഹം ചുവടൂന്നിയത്. 1989 മുതൽ 2002 വരെ ഉപജില്ല, ജില്ല, സംസ്ഥാന, നാഷണൽ സ്കൂൾ കായിക മേളകൾ, കോളേജ് ഗെയിംസ് റൂറൽ, അമേച്വർ, കണ്ണൂർ സർവകലാശാല, മാസ്റ്റേഴ്സ് കായിക മേളകൾ എന്നിവയിലെല്ലാം പങ്കെടുത്ത് തുടർച്ചയായ 13 വർഷം ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ് എന്നീ ഇനങ്ങളിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ നേടി. ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി, ജില്ലാ കാരം അസോസിയേഷന്റെ ടൂർണമെന്റ് കോ-ഓർഡിനേറ്റർ, കാരം അമ്പയർ എന്നീ നിലകളിൽ നിരവധി സംസ്ഥാന, ജില്ലാ ചാമ്പ്യൻഷിപ്പുകൾ നിയന്ത്രിക്കുകയും ചുക്കാൻ പിടിക്കുകയും ചെയ്തു. അറിയപ്പെടുന്ന കായിക പരിശീലകനും കായിക സംഘാടകനുമാണ്. ഇദ്ദേഹത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പേർ മികച്ച കായിക താരങ്ങളായി വിവിധ ടൂർണമെന്റുകളിൽ വിജയം നേടുകയും സർക്കാർ സർവീസിൽ എത്തുകയും ചെയ്തിട്ടുണ്ട്.
No comments