പടന്നക്കാട് നെഹ്‌റു കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: നാമനിർദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ തർക്കം, പോലീസെത്തി, കോടതിയെ സമീപിക്കുമെന്ന് കെ എസ് യു- എം എസ് എഫ് സഖ്യം.
പടന്നക്കാട് നെഹ്‌റു കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധനയെ ച്ചൊല്ലി കോളേജിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് എത്തി.
കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ഓഗസ്റ്റ് 26 ന് നടക്കുന്ന യൂനിയൻ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ ദിവസമായിരുന്നു ഇന്ന്. വൈകിട്ട് അഞ്ചിന് അകം സൂക്ഷ്മപരിശോധന പൂർത്തിയാക്കി സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നായിരുന്നു സർവകലാശാല നിർദേശം. എന്നാൽ ഈ നിർദേശം മറികടന്ന് നെഹ്‌റു കോളേജിൽ വൈകിട്ട് അഞ്ചിനും സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാതായതോടെ കെ എസ് യു - എം എസ് എഫ് മുന്നണി പ്രശ്‌നത്തിൽ ഇടപെട്ടു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി യു പ്രവാസ്, എം എസ് എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, ജില്ലാ സെക്രട്ടറി ആശിഷ് അടുക്കം, എം എസ് എഫ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് നാഫിഹ് പേരോൽ, കെ എസ് യു നേതാവ് മുഹമ്മദ് റാഫി എന്നീ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
വിദ്യാർഥികളെ അടുപ്പിക്കാതെ അടച്ചിട്ട മുറിയിൽ പത്രികകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിന്റെ അനൗചിത്യം ഇവർ ചോദ്യം ചെയ്തതോടെ വിദ്യാർഥികളെയും ഉൾപ്പെടുത്തി പരിശോധന തുടർന്നു. പ്രിസൈഡിങ് ഓഫീസറും കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ ഡിപാർട്‌മെന്റ് തലവനുമായ എം കെ സുധീഷിന്റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിക്കാതായതോടെ പ്രതിഷേധം കനത്തു. 9 മേജർ സീറ്റുകളിലേക്കും 16 മൈനർ സീറ്റുകളിലേക്കുമായി ആകെ 25 സീറ്റുകളിലാണ് ഇവിടെ മത്സരം. ഇതിൽ കെ എസ് യു ഏറെ പ്രതീക്ഷ പുലർത്തുന്ന ജനറൽ ക്യാപ്റ്റൻ സ്ഥാനാർഥിയുടെ പത്രിക തള്ളിക്കൊണ്ട് രാത്രിയോടെ തീരുമാനമുണ്ടായി. എസ് എഫ് ഐ മുന്നണിക്ക് മികച്ച മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവരാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാൻ സമയം നൽകുന്നതിന് വേണ്ടിയാണ് സൂക്ഷ്മ പരിശോധന വൈകിപ്പിച്ചതെന്നും പത്രിക തള്ളിയതിലെ ക്രമവിരുദ്ധതയും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് കെ എസ് യു- എം എസ് എഫ് സഖ്യം നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
No comments