ഓണം സ്‌പെഷ്യൽ ട്രെയിനുകൾക്ക് കാസർകോട് മണ്ഡലത്തിൽ കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് റൂട്ടിൽ ദ്വൈവാര സ്‌പെഷ്യൽ ട്രെയിനും മംഗളൂരു ജംഗ്ഷൻ- കൊല്ലം റൂട്ടിൽ വീക്ക്‌ലി എക്‌സ്പ്രസും അനുവദിച്ചപ്പോളാണ് മലബാറിലെ പല സ്റ്റേഷനുകളെയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി.
വിഷയം നേരത്തെ തന്നെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചും അനുവദിച്ച ട്രെയിനുകൾക്ക് മണ്ഡലത്തിൽ കൂടുതൽ സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും എം പി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന കാസർകോട് മണ്ഡലത്തിലെ വിവിധ സ്‌റ്റേഷനുകളിൽ പ്രത്യേകിച്ച് കൂടുതൽ ആളുകൾ ആശ്രയിക്കുന്ന മഞ്ചേശ്വരം, കുമ്പള, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് നിർബന്ധമായും സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ട്രെയിനുകളും ട്രെയിൻ സ്റ്റോപ്പുകളും അനുവദിക്കുന്നതിന് ചുമതലയുള്ള റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായ സ്റ്റേഷനുകളിൽ പോലും രണ്ട് ട്രെയിനുകൾക്കും സ്‌റ്റോപ് അനുവദിക്കാത്തത് നീതികരിക്കാവുന്നതല്ല. കിനാനൂർ കരിന്തളം, മടിക്കൈ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, ബേഡകം, കുറ്റിക്കോൽ, പൈവളികെ, എൻമകജെ, വോർക്ാടി, പുത്തിഗെ തുടങ്ങി മലയോര മേഖലയിലെ ഏറ്റവും കൂടുതൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ നീലേശ്വരം, ചെറുവത്തൂർ, കുമ്പള തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളോടാണ് ഈ അവഗണനയെന്നും എം പി കൂട്ടിച്ചേർത്തു.
<> സ്‌പെഷ്യൽ ട്രെയിനുകൾ ഏതൊക്കെ...? എന്നൊക്കെ ....?
മംഗളൂരു ജംഗ്ഷൻ- തിരുവനന്തപുരം ദ്വൈവാര സ്‌പെഷ്യൽ (06041) ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 13 വരെയുള്ള വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരുവനന്തപുരം നോർത്ത്- മംഗളൂരു ജംഗ്ഷൻ ദ്വൈവാര സ്‌പെഷ്യൽ എക്‌സ്പ്രസ് (06042) ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെയുള്ള വെളളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06047 മംഗളൂരു ജംഗ്ഷൻ- കൊല്ലം വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യൽ ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ തിങ്കളാഴ്ചകളിൽ രാത്രി 11. 15 ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10. 20 ന് കൊല്ലത്ത് എത്തിച്ചേരും (മൂന്ന് സർവീസുകൾ).
ട്രെയിൻ നമ്പർ 06048 കൊല്ലം- മംഗളൂരു ജംഗ്ഷൻ വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യൽ ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒൻപത് തീയതികളിൽ ബുധനാഴ്ചകളിൽ വൈകിട്ട് 5. 10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5. 30 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും (മൂന്ന് സർവീസുകൾ).
No comments