Breaking News

ഐഎൻടിയുസി നേതാവ് വി.വി.സുധാകരന്റെ മരണംനീറ്റലായി അവസാന വാട്‌സ് ആപ് സന്ദേശം

പടന്നക്കാട് മേൽപ്പാലത്തിന് കീഴെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ഐഎൻടിയുസി നേതാവ് വി.വി.സുധാകരൻ (61) സുഹൃത്തുക്കൾക്കയച്ച അവസാനസന്ദേശം സോഷ്യൽമീഡിയയിൽ നീറ്റലായി പടരുന്നു.
എല്ലാവരും എന്നോട് ക്ഷമിക്കണം.....മാപ്പ് എന്ന സന്ദേശമാണ് മരണവിവരം അറിയുന്നതിന് തൊട്ടുമുൻപ് സുഹൃത്തുക്കളുടെ വാട്‌സ് ആപ്പിലേക്കെത്തിയത്. ഹൊസ്ദുർഗ് എസ് ഐ, എം.ടി.പി.സെയ്ഫുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ ഫോണിലേക്ക് ഈ സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ചതോടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയപ്പോഴാണ് പടന്നക്കാട് ഭാഗത്താണെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹത്തിന്റെ ഓട്ടോയും റെയിൽവേട്രാക്കിന്റെ സമീപത്തുണ്ടായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ് സുധാകരൻ. സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റം കൊണ്ട് സുഹൃത്തുക്കൾക്കെല്ലാം പ്രിയങ്കരനായിരുന്നു. പ്രിയസുഹൃത്തുക്കൾക്കെല്ലാം അതിരാവിലെ ഒരു ഭക്തിഗാനം അയക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നു പുലർച്ചെയും എല്ലാവർക്കും വാട്‌സ്ആപ്പിൽ ഭക്തിഗാനം ലഭിച്ചു.വി.വി.സുധാകരന്റെ ഭാര്യ: പ്രീത. മക്കൾ: പ്രഥ്വി, പ്രണവ്. സഹോദരങ്ങൾ: വി.വി.ശോഭ (കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), പരേതനായ ബാബു.

No comments