പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുക്കർ റാവുട്ട് നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
പുതുതായി ചുമതലയേറ്റ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുക്കർ റാവുട്ട് നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എത്തിയത്. രണ്ടാം പ്ലാറ്റ്ഫോമിനും എഫ് സി ഐക്കും ഇടയിലുള്ള മലിനജനം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി എഫ് സി ഐ യാർഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. നിലവിലുള്ള പാർക്കിംഗ് ഏരിയ വിപുലീകരിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുമെന്നും അദ്ദേഹം സൂചന നൽകി. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ആദ്യമായി എത്തിയ ഡിവിഷണൽ റെയിൽവേ മാനേജറെ എൻ ആർ ഡി സി ഭാരവാഹികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ കമേർഷ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ ബാലമുരളി, സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇൻസ്പെക്ടർ ഓഫ് വർക്ക്സ് പ്രവീൺകുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഡിവിഷണൽ റെയിൽവേ മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തെ എൻ ആർ ഡി സി പ്രസിഡന്റ് എൻ സദാശിവൻ, സെക്രട്ടറി എം വിനീത്, വൈസ് പ്രസിഡണ്ട് പി യു ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി കെ ബാബുരാജ്, ട്രഷറർ സിഎം സുരേഷ് കുമാർ, എം ബാലകൃഷ്ണൻ,പി ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
No comments