സാമ്പത്തിക ക്രമക്കേടിൽ ജില്ലയിലെ ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ നടപടി
സാമ്പത്തിക ക്രമക്കേടിൽ കാസർകോട് ജില്ലയിലെ ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ നടപടിയുമായി സി പി എം.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടി അംഗീകരിച്ചത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, മുൻ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് പി കെ നിഷാന്ത് എന്നിവരെ ശാസിച്ചു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, ട്രഷറർ സബീഷ് എന്നിവരെ താക്കീത് ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പുറത്താക്കി. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് സി പി എം കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എം എൽ എയുടെ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐ ഫ്രാക്ഷൻ യോഗം വിളിക്കുകയായിരുന്നു.
നടപടി മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്തു തുടങ്ങി. ഗുരുതരമായ സാമ്പത്തിക തിരിമറിയാണ് ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. സി ജെ സജിത്ത് സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ തന്റെയും സുഹൃത്തിന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ മാറ്റിയതായും ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ട്രഷററുടെ വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായും കണ്ടെത്തി. ഒരൊറ്റ ദിവസം പെട്രോൾ അടിക്കാനായി 3000 രൂപ പിൻവലിച്ചെന്നും പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലുണ്ട്. പരാതിക്കാരനായ കെ സബീഷിനെതിരായ താക്കീത് ജാഗ്രതക്കുറവിനെ തുടർന്നാണ്.
No comments