ദേശീയപാത നിർമാണം: നീലേശ്വരം കരുവാച്ചേരിയിൽ ഫുട് ഓവർബ്രിഡ്ജ് വേണമെന്നാവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് എം പിയുടെ കത്ത്
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരം കരുവാച്ചേരിയിൽ ഫുട് ഓവർബ്രിഡ്ജ് പണിയണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതി.
സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരിയുടെ ഇടപെടലിനെ തുടർന്ന് 2025 ജൂലൈ 17 ന് തന്നെ അയച്ച കത്ത് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. കരുവാച്ചേരി, തോട്ടുംപുറം, പരത്തിക്കാമുറി, കൊയാമ്പുറം, ഉച്ചൂളിക്കുതിര്, കോട്ടപ്പുറം എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇത് ഉപകാരപ്പെടുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഫുട് ഓവർബ്രിഡ്ജ് അനുവദിച്ചില്ലെങ്കിൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് നടന്നെത്താൻ എളുപ്പമാകും.
ഇവിടങ്ങളിലെ താമസക്കാർ ഇക്കാര്യം നേരത്തെ തന്നെ ഉയർത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ വേണ്ടവിധം ചെവിക്കൊണ്ടിട്ടില്ലെന്നും കത്തിൽ പറഞ്ഞു. ഈ ഭാഗങ്ങളിലെ വിദ്യാർത്ഥികളും നിത്യവരുമാനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളുമായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ കാര്യങ്ങൾ പരിഗണിച്ച് കരുവാച്ചേരി മേഖലയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
No comments