കെ കെ നാരായണൻ: ഏത് രാഷ്ട്രീയത്തിലായിരുന്നപ്പോഴും വിപുല സൗഹൃദം കൈവിടാത്ത സൗമ്യസാന്നിധ്യം
ഇടത് സഹയാത്രികനായി പൊതുരംഗത്ത് പ്രവേശിച്ച് ബി ജെ പി അംഗമായി കെ പി സി സി മുൻ അംഗം കരിന്തളം കുമ്പളപ്പള്ളിയിലെ അഡ്വ കെ കെ നാരായണൻ മടങ്ങുമ്പോൾ ബാക്കിയാകുന്നത് സർവർക്കും സ്വീകാര്യമായിരുന്ന സൗമ്യതയും അധികാരത്തോട് മനപൂർവം സൂക്ഷിച്ച അകൽച്ചയും.
ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ മറുപക്ഷത്തെയും അംഗീകരിക്കുകയും ചില കാര്യങ്ങൾക്ക് പരസ്യമായി പിന്തുണയ്ക്കുക പോലും ചെയ്യുന്ന ഇദ്ദേഹത്തിന്റെ സമീപനം കൗതുകകരമായിരുന്നു. ഇത് ചിലപ്പോഴെങ്കിലും അതത് രാഷ്ട്രീയപാർട്ടികളിൽനിന്ന് വിമർശന ശരവുമുയർത്തിയിട്ടുമുണ്ട്. പ്രഥമ ജില്ലാ കൗൺസിലിലേക്ക് 1991 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന സി പി എം നേതാവ് മുക്കട ചിണ്ടേട്ടന്റെ ബൂത്ത് കമ്മിറ്റി ചെയർമാനായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നത് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രധാന പ്രാസംഗികനായിരുന്ന നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ കെ പി ജയരാജൻ ഓർക്കുന്നു. കോൺഗ്രസിൽ നിന്ന് എൻ കെ ബാലകൃഷ്ണൻ ആയിരുന്നു അന്ന് എതിർസ്ഥാനാർഥി.
സംസ്ഥാനത്ത് തന്നെ ആദ്യമായി 1995 ൽ ഡി വൈ എഫ് ഐ കരിന്തളത്ത് രക്തദാന സേന രൂപീകരിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് കെ കെ നാരായണൻ ആയിരുന്നു. അന്ന് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി ആയിരുന്ന പാറക്കോൽ രാജൻ കൺവീനറും കെ കെ നാരായണൻ ചെയർമാനുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് ഡോ കെ ഇബ്രാഹിംകുഞ്ഞിയുടെ മേൽനോട്ടത്തിലായിരുന്നു രക്തദാനസേന രൂപീകരണം. അമ്മാവനും എ ഐ സി സി മുൻ അംഗവുമായ പരേതനായ സാഹിത്യശിരോമണി കരിമ്പിൽ കുഞ്ഞമ്പുവിന്റെ പാത പിന്തുടർന്ന് പിന്നീട് ഇദ്ദേഹം കോൺഗ്രസിൽ എത്തി. രണ്ട് തവണ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗമായി. ഡി സി സി സെക്രട്ടറിയായും കെ പി സി സി അംഗമായും പ്രവർത്തിച്ചു. കോൺഗ്രസിൽ ആയിരിക്കെ കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തി. ഇദ്ദേഹം വനംമന്ത്രിയായിരുന്നപ്പോൾ ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റിയിൽ വരെ പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും സി ഐ ടി യു മുൻ നേതാവ് കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു.
ജില്ലയിലെ തന്നെ ആദ്യ പാലിയേറ്റീവ് കെയർ സൊസൈറ്റിയായ കരിന്തളം പാലിയേറ്റീവ് കെയർസൊസൈറ്റിയുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇപ്പോഴും സൊസൈറ്റി വൈസ് ചെയർമാൻ ആണ്. അമ്മാവൻ കരിമ്പിൽ കുഞ്ഞമ്പുവിന്റെ നിര്യാണത്തോടെ വിവിധ പെരുങ്കളിയാട്ടങ്ങൾക്കും ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. വിവിധ ബ്രഹ്‌മകലശോത്സവങ്ങളുടെ ആഘോഷ കമ്മിറ്റി ചെയർമാനും ആയി. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്ന പെരുങ്കളിയാട്ടത്തിൽ ആഘോഷ കമ്മിറ്റി രക്ഷാധികാരിയായാണ് ഒടുവിൽ പ്രവർത്തിച്ചത്. ഇവിടെ 2008 ൽ നടന്ന പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി ചെയർമാൻ ആയിരുന്നു. പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, പടന്നക്കാട് ബേ്ക്കൽ ക്ലബ്, നീലേശ്വരം എൻ കെ ബി എം ഹോസ്പിറ്റൽ ചെയർമാൻ, നീലേശ്വരം ബ്ലോക്ക് അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് പ്രസിഡന്റ്, വിവിധ ക്ഷേത്രങ്ങളുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. നേരത്തെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂൾ മുൻ മാനേജരാണ്. നിലവിൽ കരിമ്പിൽ ഹൈസ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നു. നിര്യാണത്തിൽ അനുശോചിച്ച് ഇരു വിദ്യാലയങ്ങൾക്കും ഇന്ന് അവധി നൽകി. എറണാകുളം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ ഇദ്ദേഹം അഡ്വ എ വി കൃഷ്ണറാവുവിന്റെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങി. ജില്ലയിലെ തന്നെ ആദ്യ ഗ്യാസ് ഏജൻസികളിൽ ഒന്നായി നീലേശ്വർ ഗ്യാസ് ഏജൻസി തുടങ്ങിയതോടെ അഭിഭാഷകവൃത്തി വിട്ട് ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വർഷം മുമ്പാണ് ബി ജെ പിയിലേക്ക് മാറിയത്. നിലവിൽ കാഞ്ഞങ്ങാട് മണ്ഡലം എൻ ഡി എ ചെയർമാൻ ആയിരുന്നു. ബി ജെ പിയുടെ പുതിയ ഭാരവാഹി ലിസ്റ്റ് വരാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ വിയോഗം. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ നിന്ന് നീലേശ്വരത്തെത്തിച്ച മൃതദേഹം നീലേശ്വർ ഗ്യാസ് ഏജൻസിക്കും കരിമ്പിൽ ആർക്കേഡിനും മുന്നിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് കുമ്പളപ്പള്ളിയിലെ സ്വവസതിയിലെത്തിച്ച ശേഷം ആറളത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ മുതൽ ഇവിടെ പൊതുദർശനം. തുടർന്ന് 10 ന് സംസ്‌കാരം.
No comments