Breaking News

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.സി.പി എസ് വലിയ മുന്നേറ്റം നടത്തും: മന്ത്രി എ.കെ.ശശീന്ദ്രൻ

ഒക്ടോബർ മാസത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻ.സി.പി എസ് വലിയ മുന്നേറ്റം നടത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുന്നതിന് ആവശ്യമായ സംഘടനാ സംവിധാനങ്ങൾ പാർട്ടി ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൌസിൽ ചേർന്ന എൻ.എസ്.പി എസ് കാസർകോട് ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. പാർട്ടിക്ക് വിജയസാധ്യതകളുള്ള വാർഡുകളും ഡിവിഷനുകളും സംബന്ധിച്ച പട്ടിക കീഴ്ഘടകങ്ങൾ തയ്യാറാക്കി. ഇടതുമുന്നണിയിൽ നിന്ന് ഇത്തവണയും കാര്യമായ പരിഗണന എൻ.സി.പി.എസിന് ലഭിക്കും. സി പി എം നേതൃത്വവുമായി പാർട്ടി ജില്ലാ പ്രസിഡന്റുമാർ ചർച്ചകൾ നടത്തുകയാണ്. നിഷ്പക്ഷമാകുന്നതിന് പകരം ബി ജെ പി നേതൃത്വത്തിന് വിധേയമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ കുതന്ത്രത്തിൽ പെട്ടുപോയ അജിത് കുമാർ പക്ഷത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. പാർട്ടിയുടെ ദേശീയ അംഗീകാരം നൽകുന്നതിലും ചിഹ്നം അനുവദിക്കുന്ന കാര്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ കാസർകോട് ജില്ലാ കമ്മിറ്റിയുടേത് മാതൃകാപരമായ നിലപാടാണ്. അതിനാവശ്യമായ സൗഹൃദവും കെട്ടുറപ്പും ഈ ജില്ലയിലുണ്ടെന്നും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യോൻ, ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ മാസ്റ്റർ, ഉദിനൂർ സുകുമാരൻ, ഒ. കെ ബാലകൃഷ്ണൻ, സുബൈർ പടുപ്പ്, എ. ടി വിജയൻ, സിദ്ധിഖ് 
കൈക്കമ്പ, ദാമോദരൻ ബെള്ളിഗെ, സീനത്ത് സതീശൻ, ബ്ലോക്ക് ഭാരവാഹികളായ രാഹുൽ നിലാങ്കര, നാസർ പള്ളം, ഹമീദ് ചേരങ്കൈ, പോഷക സംഘടന ഭാരവാഹികളായ ലിജോ സെബാസ്റ്റിൻ, ജോസഫ് വടകര,
ടി. വി കൃഷ്ണൻ,ഹമീദ് ബദിയടുക്ക, മോഹനൻ ചുണ്ണംകുളം,രമ്യ രാജേഷ്, എൻ. ഷമീമ എന്നിവർ പ്രസംഗിച്ചു.

No comments