Breaking News

ജില്ലയിൽ 85 കേന്ദ്രങ്ങളിൽ കൺസ്യൂമർഫെഡ് ഓണച്ചന്ത: ജില്ലാതല ഉദ്ഘാടനം 27 ന് ചായ്യോത്ത്

ജില്ലയിൽ 85 കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്ത തുറക്കും.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകൾ എന്നിവർ ചേർന്നാണിത്. ഓണച്ചന്തകളുട ജില്ലാതല ഉദ്ഘാടനം കിനാനൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ 27 ന് ചോയ്യോത്ത് നടക്കുമെന്ന് കൺസ്യൂമർഫെഡ് ഭാരവാഹികൾ നീലേശ്വരം പ്രസ്‌ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ വി കെ രാജൻ അധ്യക്ഷത വഹിക്കും. ഓണവിപണികൾ സെപ്റ്റംബർ നാല് വരെ പ്രവർത്തിക്കും.
സഹകരണ ഓണവിപണികളിലൂടെ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ 13 ഇനം നിത്യോപയോഗസാധനങ്ങൾ സബ്‌സിഡിയോടെ വിതരണം ചെയ്യും. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാകും വിൽപന. കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വിവിധ പേരുകളിലുള്ള വെളിച്ചെണ്ണയാണ് ചന്തകളിലൂടെ ജനങ്ങളിലെത്തിക്കുക. ദിനേശ്, റെയ്‌ഡ്‌ക്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്‌ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ഓണചന്തകളിൽ ലഭിക്കും. അതോടൊപ്പം നോൺ സബ്‌സിഡി സാധനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ എഫ് എം സി ജി ഉൽപ്പന്നങ്ങളും ഓഫർ വിലകളിൽ ലഭിക്കും. ത്രിവേണി ബ്രാൻറിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില,ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും,ബിരിയാണി അരി,വെല്ലം,സേമിയ, പാലട, അരിയട എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. ഓരോ ദിവസവും ടോക്കൺ നൽകിയായിരിക്കും വിപണനം. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ വി കെ രാജൻ, എ ആർഎം പി ലില്ലി, ജില്ല കോഡിനേറ്റർ കെ വി വേണുഗോപാൽ, കിനാനൂർ സഹകരണ ബാങ്ക് സെക്രട്ടറി രാജൻ കുണിയേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments