കെപിസിസി മുൻ അംഗവും എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം ചെയർമാനുമായ കരിന്തളം ആറളത്തെ കെ.കെ.നാരായണൻ (71) അന്തരിച്ചു.
കെപിസിസി മുൻ അംഗവും എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം ചെയർമാനുമായ കരിന്തളം ആറളത്തെ അഡ്വ. കെ.കെ.നാരായണൻ (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ആറളത്തെ തറവാട് വളപ്പിൽ. ഭാര്യ: കെ.സുശീല. മകൾ : കാർത്തിക. മരുമകൻ: ആദർശ് (ഇരുവരും ചെന്നൈ). സഹോദരങ്ങൾ: ഡോ.ഗംഗാധരൻ (അബുദാബി), രാജ്‌മോഹൻ (കരിന്തളം), അഡ്വ.രത്നകുമാരി (മുംബൈ), ഗീത കരിമ്പിൽ (ആറളം), നിർമലകുമാരി, പരേതനായ ക്യാപ്റ്റൻ ബാലകൃഷ്ണൻ.കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിരുന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ഒരു വർഷം മുമ്പാണ് കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം എടുത്തത്. ബി ജെ പി യുടെ പുതിയ ഭാരവാഹി ലിസ്റ്റ് വരാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ വിയോഗം. പ്രമുഖ പ്ലാന്ററും നീലേശ്വർ ഗ്യാസ് ഏജൻസി ഉടമയുമായിരുന്നു. പടന്നക്കാട് ബേക്കൽ റിക്രിയേഷൻ സെന്റർ ചെയർമാനും പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിന്റെ നടത്തിപ്പുകാരായ നെഹ്റു മെമ്മോറിയൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ ഡയറക്ടറും ആയിരുന്നു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനും ആയിരുന്നു. സൗമ്യ സമീപനത്താലും സഹായ മനസ്ഥിതിയാലും നാടിന്റെ മനം കവർന്ന ഇദ്ദേഹം നിരവധി പെരുങ്കളിയാട്ടങ്ങളുടെയും ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കും പ്രതിഷ്ഠ, പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവങ്ങൾക്കും ചുക്കാൻ പിടിച്ചു. പൊതു പരിപാടികളിലെയും ചടങ്ങുകളിലെയും പ്രധാന സാന്നിധ്യവും ആയിരുന്നു. ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനാണ്. ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
No comments