തെക്കൻ ബങ്കളത്തെ തത്വമസി രാജൻ 5 സെന്റിൽ തീർത്തത് ചെണ്ടുമല്ലി വസന്തം
മടിക്കൈ തെക്കൻ ബങ്കളത്തെ തത്വമസി രാജൻ എന്ന യുവ കർഷകൻ 5 സെന്റ് ഭൂമിയിൽ ചെണ്ടുമല്ലികയുടെ വസന്തം തീർത്തു. കഴിഞ്ഞതവണ ഓണക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൂ കൃഷി വൻ ലാഭകരമായപ്പോഴാണ് ഇത്തവണയും രാജൻ പൂകൃഷിയിലേക്കിറങ്ങിയത്. കാർഷിക കോളേജിൽ നിന്നും വാങ്ങിയ ചെടികളും സ്വന്തമായി വിത്തിട്ടു വളർത്തിയ ചെടികളുമാണ് രാജൻ കൃഷിക്കായി ഉപയോഗിച്ചത്. പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിർവഹിച്ചു. മടിക്കൈ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ അധ്യക്ഷനായി. കെ.പ്രഭാകരൻ, കൃഷി അസിസ്റ്റന്റ്, പി.വി നിഷാന്ത്, ടി ചോയ്യമ്പു എന്നിവർ സംസാരിച്ചു. ഒരു ചെടിയിൽ നിന്നും ഏഴുമാസം കാലം വിളവെടുപ്പ് നടത്താൻ കഴിയും. അതുകൊണ്ടുതന്നെ പൂകൃഷി ലാഭകരം എന്നാണ് രാജൻ പറയുന്നത്. പച്ചക്കറി,പശു വളർത്തൽ , മീൻ കൃഷി എന്നിവയും രാജൻ നടത്തുന്നുണ്ട് . ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാംതരം വിദ്യാർഥി കിരൺ രാജന്റെ ആവശ്യപ്രകാരം സ്കൂളിലെ വിദ്യാർഥികൾക്ക് നൽകാൻ 8000 ത്തോളം എലഞ്ഞി മരത്തൈകൾ രാജൻ മുളപ്പിച്ചെടുത്തിരുന്നു.ഹൊസ്ദുർഗ് ബാറിനെ അഭിഭാഷകയായ ഭാര്യ പി കവിത മക്കളായ രേവതി, കിരൺ രാജ് എന്നിവരും കൃഷിയിൽ രാജനെ സഹായിക്കുന്നുണ്ട്.
No comments