ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കണം: കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഓഗസ്റ്റ് 16 ന്
ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയൻ ഓഗസ്റ്റ് 16 ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ നീലേശ്വരം പ്രസ്ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആധാരമെഴുത്തുകാരുടെ തൊഴിൽ ഇല്ലാതാക്കുന്ന നടപ്പിലാക്കുന്ന ടെംപ്ലേറ്റ് മോഡൽ ആധാരരജിസ്ട്രേഷൻ നടപ്പാക്കരുതെന്നും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആധാരം എഴുത്തു തൊഴിലിനെ ഉന്മൂലനം ചെയ്ത് കോർപ്പറേറ്റുകൾക്കും റിയൽ എസ്റ്റേറ്റ് മാഫികൾക്കും വിരമിച്ച റവന്യൂ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും ഈ മേഖല തീറെഴുതി കൊടുക്കാനാണ് ഉദ്യോഗസ്ഥ മേലാളൻമാർ ശ്രമിക്കുന്നതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ആധാരം എഴുത്ത് തൊഴിൽ സംരക്ഷിച്ചുകൊണ്ട് ആധാരം എഴുത്തുകാരുടെയും അഭിഭാഷകരുടെയും ലോഗിൻ ഐഡി വെച്ച് മാത്രമേ ടെംപ്ലേറ്റ്മോഡൽ രജിസ്ട്രേഷൻ പരിഷ്കരണം നടപ്പിലാക്കൂവെന്ന ഉറപ്പ് ലംഘിച്ചുകൊണ്ടാണ് പുതിയ പരിഷ്കാരം ബദിയടുക്ക രജിസ്ട്രേഷൻ ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ടെംപ്ലേറ്റ്മോഡൽ രജിസ്ട്രേഷൻ ലോഗിൻ ഐഡി ആധാരം എഴുത്തുകാർക്ക് മാത്രമായി പരിമിതപ്പെടുത്തുക, ആധാരം എഴുത്തു തൊഴിലും തൊഴിലാളികളെയും സംരക്ഷിക്കുക, ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിർത്തുക, തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, ആധാരം എഴുത്ത് പരീക്ഷയ്ക്ക് വിജ്ഞാപനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നത്. അന്നേദിവസം കാസർകോട് ജില്ലയിലെ മുഴുവൻ ആധാരം എഴുത്ത് ഓഫീസുകൾക്കും അവധിയായിരിക്കമെന്നും യൂണിയൻ സംസ്ഥാന ജോ. സെക്രട്ടറി ടി.കെ. സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണൻ, ജില്ല പ്രസിഡന്റ് ടി.വി.രതീഷ്, സെക്രട്ടറി എം. മനോഹരൻ, ജില്ലാ കമ്മിറ്റിയംഗം വി.വി. ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
No comments