Breaking News

നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിലെ വഴുതൽ: നിവേദനവുമായി ജനകീയ കൂട്ടായ്മ; ഉടൻ ബ്ലീച്ചിങ് പൗഡർ വിതറി

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലെ സിമന്റ് പ്രതലം വഴുതുന്നത് അപകടങ്ങൾക്കിടയാക്കുന്നതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.
നിവേദനം കൈപ്പറ്റിയ സ്റ്റേഷൻ മാസ്റ്റർ ഇരു പ്ലാറ്റ്ഫോമുകളിലും ബ്ലീച്ചിങ് പൗഡർ വിതറാൻ നിർദേശിച്ചതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ സിമന്റ് പ്രതലം വഴുതുന്നത് അപകടങ്ങൾക്കിടയാക്കുന്നതായി നീലേശ്വർ ടുഡേ ജൂലൈ 7 ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിരാവിലെയും തുടർച്ചയായി മഴ പെയ്യുന്ന സമയത്തും ഇരു പ്ലാറ്റ്ഫോമുകളിലും നല്ല വഴുക്കലുള്ളതായി ജനകീയ കൂട്ടായ്മയുടെ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വയോധികർക്കും കുട്ടികൾ, ലഗേജുമായി എത്തുന്ന യാത്രക്കാർ എന്നിവർ അപകടത്തിൽ പെടാൻ സാധ്യതയേറെയാണെന്നും ഇതിനകം സമാനമായ സംഭവങ്ങൾ ഉണ്ടായതായും നിവേദനത്തിൽ പറഞ്ഞിരുന്നു. പ്ലാറ്റ്ഫോം പ്രതലം നിത്യം ശുചീകരിക്കൽ, നല്ല വഴുക്കലുള്ള ഭാഗങ്ങളിൽ റബ്ബർ മാറ്റ് വിരിക്കൽ, മുന്നറിയിപ്പ് സൂചനകൾ സ്ഥാപിക്കൽ, പ്ലാറ്റ്ഫോമിൽ വീഴുന്ന മഴ വെള്ളം കൃത്യമായി ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, പ്ലാറ്റ്ഫോം ഏരിയ ആകെ കവർ ചെയ്യും വിധമുള്ള റൂഫിങ് എന്നിവ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് വടക്ക് ഭാഗത്തും മേൽനടപ്പാലം വേണമെന്ന ആവശ്യവും നിവേദനത്തിൽ ഉന്നയിച്ചു. കൂട്ടായ്മ ഭാരവാഹികളായ ഡോ. നന്ദകുമാർ കോറോത്ത്, കെ.വി. സുനിൽ രാജ്, ഗോപിനാഥൻ മുതിരക്കാൽ, കെ.വി. പ്രിയേഷ്കുമാർ, സി.കെ.അബ്ദുൾസലാം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ നായക് നിവേദനം സ്വീകരിച്ചതിന് പിന്നാലെ ഇരു പ്ലാറ്റ്ഫോമുകളിലും ബ്ലീച്ചിങ് പൗഡർ വിതറാൻ നിർദേശിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായി. സ്റ്റേഷൻ മാസ്റ്ററെ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.

No comments