കൊറിയർ സർവീസിൽ പാഴ്സലായി ഹാഷിഷ് മിഠായി: വാങ്ങി മടങ്ങവെ വിദ്യാർത്ഥി അറസ്റ്റിൽ
വിദ്യാർത്ഥിക്ക് കൊറിയർ സർവീസിൽ ഹാഷിഷ് മിഠായി പാഴ്സലായി എത്തി; കൊറിയർ ഏജൻസിയിലെത്തി ഇത് വാങ്ങി മടങ്ങവേ കയ്യോടെ എക്സൈസിന്റെ പിടിയിലുമായി.
കാഞ്ഞങ്ങാട് സൗത്ത് തൈവളപ്പിലെ എം.വി.ദിൽജിത്ത് (19) ആണ് പിടിയിലായത്. വെള്ളിക്കോത്തെ ഡെലിവറി പാഴ്സൽ കൊറിയർ ഏജൻസിക്ക് മുന്നിലായിരുന്നു നാടകീയ സംഭവ വികാസങ്ങൾ. ഉത്തർപ്രദേശിൽ നിന്നാണ് 448 ഗ്രാം വരുന്ന കഞ്ചാവ് മിഠായിയുടെ രണ്ട് പാഴ്സൽ ദിൽജിത്തിനെ തേടി എത്തിയത്. ഇയാൾക്കും നേരത്തെയും ഇതേപോലെ പാഴ്സൽ എത്തിയിരുന്നു. ഇത് കഞ്ചാവ് മിഠായിയാണെന്ന് തിരിച്ചറിഞ്ഞതോടെ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം ദിൽജിത്തിനെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് വീണ്ടും പാഴ്സൽ വന്നതും ഇത് വാങ്ങി മടങ്ങുന്നതിനിടെ കയ്യോടെ പിടിയിലായതും. കോളേജ് ക്യാമ്പസുകളിലും മറ്റും കഞ്ചാവ് മിഠായിയും മറ്റ് ലഹരി ഉൽപ്പന്നങ്ങളും എത്തിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ദിൽജിത്ത്. ഹൊസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.രാജീവൻ, പ്രിവന്റീവ് ഓഫീസർ കെ.പി.അബ്ദുൽ സലാം, സി.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, കെ.വി. അനീഷ്, വി.എ. അജൂബ്, എക്സൈസ് ഡ്രൈവർ കെ.സുധീർ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
No comments