Breaking News

നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിലെ വഴുതൽ: ജനകീയ കൂട്ടായ്മ ബ്ലീച്ചിങ് പൗഡറും അപായ സൂചന പോസ്റ്ററുകളും കൈമാറി

നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലെ വഴുതൽ നിയന്ത്രിക്കാനും അപകടസാധ്യതയെക്കുറിച്ച് യാത്രക്കാർക്ക് സൂചന നൽകാനും നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയുടെ ഇടപെടൽ വീണ്ടും.
ഇന്ന് രാവിലെ ഇക്കാര്യത്തിൽ കൂട്ടായ്മ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ നായക്കിന് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം പ്ലാറ്റ്‌ഫോമുകളിൽ ബ്ലീച്ചിങ് പൗഡർ വിതറുകയും ചെയ്തു. ഇതിൽ സ്റ്റേഷൻ മാസ്റ്ററെ നേരിട്ടെത്തി അഭിനന്ദിച്ച കൂട്ടായ്മ നേതാക്കളും പ്രവർത്തകരും തുടർപ്രവർത്തനം ഉറപ്പു വരുത്താനായി ബ്ലീച്ചിങ് പൗഡറും അപായസൂചന പോസ്റ്ററുകളും കൈമാറി. നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, സി.കെ. അബ്ദുൽസലാം എന്നിവയാണ് ഇവ കൈമാറിയത്. സ്‌റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെ പോസ്റ്ററുകൾ പ്ലാറ്റ്‌ഫോമിൽ എമ്പാടും പതിക്കുകയും ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഡോ.നന്ദകുമാർ കോറോത്ത്, പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, കൂട്ടായ്മ സെക്രട്ടറി കെ.വി.സുനിൽരാജ്, ഗോപിനാഥൻ മുതിരക്കാൽ, സി.കെ.അബ്ദുൽസലാം, എം.ടി.പി.അഷ്‌റഫ്, കെ.വിശ്വനാഥൻ, പി.എസ്.പത്‌നാഭൻ, കെ.വി.പ്രിയേഷ് കുമാർ, പത്മനാഭൻ മാങ്കുളം, എ.വി.പത്മനാഭൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്വാശ്വത പരിഹാരമായി ഇരു പ്ലാറ്റ്‌ഫോമുകൾക്കും മുകളിൽ പൂർണമായി മേൽക്കൂര സ്ഥാപിക്കുക, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് വടക്ക് ഭാഗത്തും മേൽനടപ്പാലം നിർമിക്കുക, രണ്ടാംപ്ലാറ്റ്‌ഫോമിലും ടിക്കറ്റ് കൗണ്ടർ നിർമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

No comments