Breaking News

കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ഉയർത്താനെത്തുന്നത് ഖലാസികൾ: എച്ച്പിസി ക്വിക് റെസ്‌പോൺസ് ടീം സ്ഥലത്ത്

കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ 18 ടണ്ണോളം ഭാരമുള്ള കൂറ്റൻ ടാങ്കർ ലോറി ഉയർത്തിയെടുക്കാൻ മാപ്പില ഖലാസികൾ നാളെ കാഞ്ഞങ്ങാട്ടെത്തും.
നിറയെ ഇന്ധനമുള്ള ടാങ്കർ ഉയർത്തിയെടുക്കാൻ വളപട്ടണത്ത് നിന്ന് പ്രത്യേക ഉപകരണങ്ങളുമായാണ് കരുത്തരായ ഖലാസികൾ എത്തുന്നത്. രാവിലെ ഏഴ് മണിയോടെ കാഞ്ഞങ്ങാട്ടെത്തുന്ന ഇവർ ഒൻപത് മണിക്ക് ജോലി തുടങ്ങും. മൂന്ന് മണിക്കൂർ ഇതിനായി വേണ്ടി വരുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഉച്ചയ്ക്ക് ഒരു മണിയോടെ ടാങ്കർ ഉയർത്തിയെടുത്ത് ഇതിനായി ഏർപ്പെടുത്തിയ മുൻകരുതൽ നിയന്ത്രണങ്ങൾ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് ഉച്ച മുതൽ മറിഞ്ഞു കിടക്കുന്ന ടാങ്കർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ക്വിക് റെസ്‌പോൺസ് വെഹിക്കിളിൽ എത്തിയ വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. ഇവരുടെ കൂടി സാന്നിധ്യത്തിൽ ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് നാളെ രാവിലെ വരെ ലോറിക്ക് കാവൽ നിൽക്കുക. ഇതിന്റെ ടാങ്കറിൽ നിറയെ എൽപിജി ഗ്യാസ് ഉണ്ടെങ്കിലും ലീക്ക് ഇല്ലാത്തതിനാൽ നിലവിൽ മറ്റ് അപകടസാധ്യതകളൊന്നുമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ടാങ്കർ ഉയർത്തുന്നതിന് മുന്നോടിയായി പ്രാദേശിക അവധി നൽകിയ കാഞ്ഞങ്ങാട് നഗരസഭയിലെ 18, 19, 26 തുടങ്ങി മൂന്ന് വാർഡുകളിലും നഗരസഭാ കൗൺസിലർമാർ, മുൻ കൗൺസിലർമാർ, റവന്യൂ ജീവക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ, സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ നൽകും. പ്രദേശത്ത് ഇന്നലെ മുതൽ തന്നെ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. ഇത് ടാങ്കർ ഉയർത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെയും തുടരും.

No comments