നാടിന്റെ പ്രാർത്ഥന ഫലിച്ചു,തായ്‌ലന്റിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ അടിച്ച് ബങ്കളത്തെ പി.മാളവിക
നാടിന്റെ പ്രാർത്ഥന ഫലിച്ചു,തായ്‌ലന്റിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ അടിച്ച് ബങ്കളത്തെ പി.മാളവിക.
മുന്നേറ്റ നിരയിൽ കളിക്കുന്ന മാളവിക മംഗോളിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് ഗോൾ നേടിയത്. ജൂൺ 29 ന് ടിമോർലെറ്റിനെയും ജൂലൈ രണ്ടിന് ഇറാഖ്, അഞ്ചിന് ആതിഥേയരായ തായ്‌ലന്റ് ടീമുകളെയും ഇന്ത്യൻ ടീം നേരിടും. തായ്‌ലന്റിലെ ചിയാങ് മയി നഗരത്തിലാണ് മത്സരങ്ങൾ നടന്നു വരുന്നത്. ഇന്ത്യൻ സീനിയർ വനിതാ ടീമിലെ ഏക മലയാളിയായ മാളവിക 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ ആദ്യ മലയാളിയെന്ന് ചരിത്രം കുറിച്ചായിരുന്നു ടീമിൽ പ്രവേശിച്ചത്. ബങ്കളത്തെ പരേതനായ എം പ്രസാദിന്റെയും എ മിനിയുടെയും മകളാണ്. കക്കാട്ട് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ സ്‌കൂൾ ഗ്രൗണ്ടിൽ പന്തുതട്ടിയാണ് തുടക്കം. സ്കൂൾ കായികാധ്യാപികയും ജില്ലയിലെ മുതിർന്ന കായിക സംഘാടകയുമായ ടി.ആർ. പ്രീതിമോളാണ് ആദ്യഗുരു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്ക് നിധീഷ് ബങ്കളത്തിന്റെ വനിതാ ഫുട്‌ബോൾ ക്ലിനിക്കിലൂടെയാണ് ഫുട്‌ബോളിലെത്തിയത്. കഴിഞ്ഞ മാസം ഉസ്‌ബെക്കിസ്ഥാനെതിരായ സൗഹൃദമത്സരത്തിലാണ് ഇന്ത്യൻ കുപ്പായത്തിൽ മാളവിക അരങ്ങേറ്റം കുറിച്ചത്.
No comments