Breaking News

നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവം: പൂത്താക്കൽ ചടങ്ങ് നടത്തികലശത്തട്ട് അലങ്കരിക്കുന്നതിന് വാല്യക്കാർ പൂക്കൾ ശേഖരിച്ചു

നാളെ തുടങ്ങുന്ന നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവത്തിന് മുന്നോടിയായി പൂത്താക്കൽ ചടങ്ങ് നടത്തി.
പുറത്തേ കലശോത്സവ ദിവസം തെയ്യക്കോലങ്ങൾക്കൊപ്പം ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്ന കലശത്തട്ടുകൾ അലങ്കരിക്കുന്നതിന് കവുങ്ങിൻ പൂക്കുലകൾ ശേഖരിക്കുന്ന ചടങ്ങാണിത്. നീലേശ്വരത്തെ വടക്ക്, തെക്ക് കളരികളിൽ നിന്നാണ് കലശത്തട്ടുകൾ ക്ഷേത്രത്തിലെത്തുക. വടക്കേ കളരിയിൽ നിന്നുള്ള വാല്യക്കാർ, ആചാരക്കാർ, കൂട്ടായി ക്കാർ എന്നിവർ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല, കക്കാട്ട്, പുളിക്കാൽ ഭാഗങ്ങളിലെത്തിയാണ് പൂത്താക്കുന്നത്. രാവിലെ കളരിയിൽ നിന്നിറങ്ങുന്ന ഇവർ പ്രത്യേക താളത്തിൽ ശബ്ദമുയർത്തിയാണ് ചടങ്ങ് നിർവഹിക്കുക. പൂക്കൾ ശേഖരിച്ച് ഇന്ന് രാത്രിയോടെയാണ് കളരിയിൽ തിരിച്ചെത്തുക. പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വാല്യക്കാർ പട്ടേനയിൽ എത്തി പൂക്കൾ ശേഖരിക്കും. അകത്തേ കലശ ദിവസമായ നാളെ വൈകിട്ടാണ് കലശത്തട്ടുകൾ അലങ്കരിച്ചു തുടങ്ങുക. രാത്രി വൈകി പൂർത്തിയാകും. പുറത്തേ കലശ ദിവസമായ ജൂൺ 3 ചൊവ്വാഴ്ച ഉച്ചയോടെ അലങ്കരിച്ച കലശത്തട്ടുകൾ കളരികളിൽ നിന്ന് കാവിലെത്തിക്കും. കള്ള് നിറച്ച കലശ കുംഭങ്ങൾ വാല്യക്കാർ തണ്ടിട്ട് ചുമലിലേറ്റി ആർപ്പുവിളികളോടെ ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് അത്യാവേശകരമാണ്. ഈ സമയത്ത് വാല്യക്കാർ കവുങ്ങിൻ പൂക്കുലകൾ വാരിയെറിയും. ഇത് കരസ്ഥമാക്കാൻ ഭക്തരും ആവേശം കൂട്ടും.

No comments