Breaking News

ഇന്ന് യോഗാദിനം യോഗ കുടുംബകാര്യമാക്കി നീലേശ്വരം പാലായിയിലെ മാടക്കത്ത് ഹരിദാസ്

നീലേശ്വരം പാലായി സൗപർണികയിലെ മാടക്കത്ത് ഹരിദാസിനും കുടുംബത്തിനും യോഗാഭ്യാസം ദിനാചരണത്തിലോ വാരാചരണത്തിലോ ഒതുങ്ങുന്നതല്ല, 
യോഗാഭ്യാസവും യോഗ പരിശീലനവും ദിനചര്യയും കുടുംബകാര്യവുമാണ് ഇവർക്ക്. വടക്കൻ കേരളത്തിൽ യോഗയെ ജനകീയമാക്കിയ യോഗാചാര്യ എം.കെ.രാമൻ മാസ്റ്ററുടെ ശിഷ്യനാണ് ഹരിദാസ്. രാമൻ മാസ്റ്ററുടെ പ്രധാന ശിഷ്യനും ജില്ലയിലെ മുതിർന്ന യോഗ പരിശീലകരിലൊരാളുമായ നീലേശ്വരത്തെ എൻ.കെ.ശ്യാംകുമാറും ഇദ്ദേഹത്തിന് ഗുരുസ്ഥാനത്താണ്. പഠിച്ച യോഗാഭ്യാസ മുറകൾ സകുടുംബം അനുഷ്ഠിക്കുകയാണ് ഹരിദാസ്. ഭാര്യ എ.വി.ജലജ, മകൾ എ.വി.ആതിര എന്നിവർക്കും യോഗ നിത്യാനുഷ്ഠാനമാണ്. കണ്ണൂർ സർവകലാശാല നീലേശ്വരം പാലാത്തടം ക്യാംപസിൽ ഇന്റഗ്രേറ്റഡ് ബികോം വിദ്യാർത്ഥിയായ മകൻ അഭിനവിന് ജിം ആണ് പ്രിയം. പോസിറ്റീവ് ചിന്ത, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉന്മേഷം, എത്ര ദൂരം വേണമെങ്കിലും നടക്കാനുള്ള ഊർജം എന്നിവയെല്ലാം യോഗയ്ക്ക് നൽകാനാകുമെന്ന് ഇവർ കുടുംബസമേതം സാക്ഷ്യപ്പെടുത്തുന്നു. ഹരിദാസും ആതിരയും സ്വന്തം നിലയ്ക്കുള്ള യോഗാനുഷ്ഠാനങ്ങൾക്കപ്പുറം അറിയപ്പെടുന്ന യോഗ പരിശീലകരുമാണ്. പാലായി തേജസ്വിനി വായനശാലയുടെ വനിതാവേദി പ്രവർത്തകർക്കായി ഇരുവരും നൽകിയ യോഗ പരിശീലനത്തിൽ രണ്ട് ബാച്ചുകളിലായി 60 സ്ത്രീകൾ പങ്കെടുത്തിരുന്നു. യോഗ അസോസിയേഷന്റെ യോഗ പരിശീലക കോഴ്‌സ് വിജയിച്ച ഹരിദാസ് എറണാകുളത്ത് നിന്ന് ചിരി യോഗയിലും പരീശീലക യോഗ്യത നേടി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ എൻ.കെ.ശ്യാംകുമാറിൽ നിന്ന് യോഗ പഠിച്ചു തുടങ്ങിയതാണ് ആതിര. മൂന്ന് വർഷമായി അച്ഛന്റെ കൂടെ യോഗ പരിശീലന ശിബിരങ്ങളിൽ ജില്ലാ യോഗ ചാമ്പ്യൻ കൂടിയായ ആതിരയുമുണ്ട്. കയ്യൂർ- ചീമേനി, കിനാനൂർ കരിന്തളം, മടിക്കൈ, നീലേശ്വരം പ്രദേശങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ ഇരുവരും പരിശീലനം നൽകിയിട്ടുണ്ട്. എം.എ ഇംഗ്ലീഷ്, ബി.എഡ് പഠനം പൂർത്തിയാക്കി നീലേശ്വരം പുത്തരിയടുക്കത്തെ ചിന്മയ വിദ്യാലയത്തിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ഇപ്പോൾ. പാലായിയിൽ മൂകാംബിക റൈസ് ആൻഡ് ഫ്‌ളോർ മിൽ നടത്തി വരികയാണ് ഹരിദാസ്.

No comments