വീരമല കുന്നിലും മട്ടലായി കുന്നിലും നാളെ ഡ്രോൺ സർവേ
ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായ മട്ടലായി, വീരമല കുന്നുകളിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഡ്രോൺ സർവ്വേ നടത്തും.കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ ബേവിഞ്ചയിലും ഡ്രോൺ സർവേ നടത്തും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. നാളെ (ജൂൺ 19) വൈകിട്ട് മൂന്ന് മണിക്ക് വീരമലക്കുന്ന് ,മട്ടലായികുന്ന് മേഖലകളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശങ്ങൾ നൽകി. വൈദ്യുതി ലൈനുകൾ തകരാർ ആയിട്ടുണ്ടെങ്കിൽ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അറിയിക്കണം. പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. വിവിധ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
വീടുകളിലും കടകളിലും വെള്ളം കയറുന്നത് തടയുന്നതിനും മുൻകരുതൽ നടപടികൾ വേണം. ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും വെള്ളക്കെട്ട് ഗതാഗതം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിന് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ പറഞ്ഞു. ഓവുചാലുകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ചൊവ്വാഴ്ച വിള്ളൽ ഉണ്ടായ ചെറുവത്തൂർ കൊളങ്ങാട്ട് മലയിലെ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് യോഗത്തിൽ അറിയിച്ചു. ഈ പ്രദേശത്ത് ജനങ്ങളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എ ഡി എം പി അഖിൽ ഹസാർഡ് അനലിസ്റ്റ് പി ശിൽപ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളായ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
No comments