Breaking News

നീലേശ്വരം മന്നൻപുറത്തുകാവ് കലശോത്സവം: തെയ്യക്കോലങ്ങളുടെ തിരുമുടി നിവർന്നു

നീലേശ്വരം മന്നൻപുറത്തുകാവ് 
കലശോത്സവം: തെയ്യക്കോലങ്ങളുടെ തിരുമുടി നിവർന്നു

പ്രാർഥനകളും ആർപ്പുവിളികളുമായി തിരുമുറ്റം നിറഞ്ഞു തിങ്ങിയ ജനസഹസ്രങ്ങൾക്കിടയിലൂടെ ഒന്നൊന്നായി ആകാശമേലാപ്പിലേക്കുയർത്തിയ തിരുമുടികളുമായി തെയ്യക്കോലങ്ങൾ എഴുന്നള്ളിയെത്തി.
2 ദിവസമായി നീലേശ്വരം മന്നൻപുറത്തുകാവിൽ നടന്നുവരുന്ന കലശോത്സവത്തിലെ പുറത്തേ കലശോത്സവത്തിന്റെ ഭാഗമായാണ് തെയ്യക്കോലങ്ങളുടെ ആവേശകരമായ പുറപ്പാടുണ്ടായത്. തെയ്യക്കോലങ്ങൾക്കൊപ്പം ആർപ്പുവിളികളുടെ ആവേശവുമായി കലശകുംഭങ്ങളും ക്ഷേത്രപ്രദക്ഷിണം ചെയ്തത് ഭക്തർക്ക് ദർശനസായൂജ്യമായി. കലശമഹോത്സവത്തിന് സാക്ഷ്യം വഹിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതരജില്ലകളിലും നിന്നായി ആയിരങ്ങൾ എത്തിയിരുന്നു. ഉച്ചയോടെ കലശോത്സവ ചടങ്ങുകൾ ഉച്ചസ്ഥായിയിലായി. ശ്രീ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻകോവയെത്തിയതോടെ കലശോത്സവ നഗരിയിൽ ആവേശം അലതല്ലി. 
പ്രസന്നപൂജ നടതുറന്നപ്പോൾ ബലിപ്രതീകമായി എറുവാട്ടച്ചൻ നാളികേരമുടച്ചു. വീക്ക് ചെണ്ട ക്ഷേത്രം ചുറ്റിയതിനു പിന്നാലെ തിരുമുടിയേന്തി തെയ്യക്കോലങ്ങൾ ക്ഷേത്രപ്രദക്ഷിണം ചെയ്തു തുടങ്ങി. തെക്ക്, വടക്ക് കളരികളിൽ നിന്നുള്ള കലശകുംഭങ്ങളുമേന്തി വാല്യക്കാരും ആർപ്പുവിളികളോടെ ക്ഷേത്രപ്രദക്ഷിണം ചെയ്തു. ദക്ഷിണ സമർപ്പിച്ച് പ്രാർത്ഥിച്ച ഭക്തരെ തെയ്യം അരിയും കുറിയും നൽകി അനുഗ്രഹിച്ചു. കലശ ശുദ്ധി ദിവസമായ നാളെ തന്ത്രി മയ്യൽ ദിലീപ് വാഴുന്നവരുടെ കാർമികത്വത്തിൽ വിശേഷാൽ ചടങ്ങുകൾ ഉണ്ടാകും. ക്ഷേത്രത്തിനു പുറത്ത് കലശചന്തയും. കലശോത്സവ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കാസർകോട് ജില്ലയിലെ തെയ്യാട്ടക്കാലവും സമാപിക്കും. പിന്നെ അടുത്ത തുലാപ്പത്തു വരെ തെയ്യാട്ടക്കാവുകൾക്കും കോലധാരികൾക്കും വിശ്രമകാലമാണ്.

No comments