നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ലോറി ഡ്രൈവർ നടത്തിയ അക്രമത്തിൽ എസ്.ഐ.യ്ക്കും പോലീസുകാരനും പരിക്ക്, ചായ്യോത്ത് സ്വദേശി അറസ്റ്റില്‍
പരാതി നൽകാനുണ്ടെന്ന് പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ എസ്.ഐ.യെയും പോലീസുകാരനെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചായ്യോത്ത് മാനൂരിയിലെ കിഴക്കേവീട്ടിൽ കെ.വി സന്തോഷ് (40) ആണ് പിടിയിലായത്. പോലീസുകാർ ബലപ്രയോഗത്തിലൂടെയാ ണ് കീഴടക്കിയത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം. പരാതി നൽകാനുണ്ടെന്നു പറഞ്ഞാണ് സന്തോഷ് പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി എഴുതി നൽകാൻ പി.ആർ.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശൻ ആവശ്യപ്പെട്ടു. എന്നാൽ മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നൽകാൻ തയ്യാറാകാതെ പി.ആർ.ഒ ഓഫീസ് മുറിയിലെ കസേരയും മറ്റും വലിച്ചെറിയുകയായിരുന്നുവെന്നു കേസിൽ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ എസ്.ഐ അരുൺ മോഹൻ്റെ കോളറിൽ പ്രതി പിടിക്കുകയും യൂണിഫോമിലെ നെയിംപ്ലേറ്റ് പിടിച്ചു പറിച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. തടയാൻ ചെന്നപ്പോഴാണ് സിവിൽ പോലീസ് ഓഫീസർ നിതീഷിനെ ആക്രമിച്ചത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാർ ബലം പ്രയോഗിച്ചാണ് സന്തോഷിനെ കീഴടക്കിയത്. പരിക്കേറ്റ പോലീസുകാർ നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
No comments