Breaking News

നീലേശ്വരം കിഴക്കേവീട് തറവാട് ചുഴലി ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവം: അന്യാധീനപ്പെട്ട തറവാട് ഭൂമി തിരിച്ചു പിടിച്ചത് അരനൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിലൂടെ: അനുകൂല വിധി നൽകിയത് സുപ്രീംകോടതി

മെയ് 6 മുതൽ 9 വരെ പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം നടക്കുന്ന നീലേശ്വരം പാലക്കാട്ട് കിഴക്കേവീട് തറവാട് ചുഴലി ഭഗവതി ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചത് സുപ്രീംകോടതി വരെയെത്തിയ നിയമയുദ്ധത്തിലൂടെ.
അരനൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനൊടുവിൽ സുപ്രീംകോടതിയുടെ അനുകൂല വിധിയിലൂടെയാണ് തറവാടിന്റെ ഭൂമി മോചിപ്പിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അഞ്ച് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രതിഷ്ഠാ മഹോത്സവത്തിനൊരുങ്ങുന്നത്. അള്ളട സ്വരൂപത്തിലെ ശക്തിപീഠങ്ങളിലൊന്നായ നീലേശ്വരം മന്നൻപുറത്തുകാവിന്റെ നിർമാണത്തിനായി ചുഴലി സ്വരൂപത്തിൽ നിന്ന് രാജനിയോഗത്താൽ പുറപ്പെട്ടുവന്ന വിശ്വകർമ കുലപതിമാരുടെ വംശാവലിയാണ് കിഴക്കേവീട് തറവാട് കുടുംബം. വടക്കൻകേരളത്തിലെ വിശ്വകർമജരിൽ അംഗബലം കൊണ്ട് അഗ്രിമസ്ഥാനത്താണ് ഇവർ. തളിപ്പറമ്പിന് കിഴക്ക് കുറുമാത്തൂരിനടുത്ത ചെങ്ങളായി ദേശത്ത് സ്ഥിതി ചെയ്യുന്ന അതിപ്രാചീന ക്ഷേത്രസങ്കേതമാണ് ശ്രീ ചുഴലി. അവിടെ നിന്നെത്തിയ ആദിമതച്ചന്മാർ ദേശദേവതയായി ശ്രീചുഴലി ഭഗവതിയെ തങ്ങളുടെ കുലപരദേവതയായി കൂടെകൂട്ടി ഉപാസിച്ചു.
മന്നൻപുറത്ത് കാവിന്റെ പണി പൂർത്തിയായപ്പോൾ ക്ഷേത്രനിർമാണത്തിനെത്തിയ ശില്പിമാരെ നീലേശ്വരം ദേശത്ത് കുടിയിരുത്താൻ നാടുവാഴുന്ന തമ്പുരാൻ തീരുമാനിച്ചു. അങ്ങനെ അവരെ കാവിന്റെ ഈശാന കോണിലുള്ള സ്ഥലത്ത് കുടിയിരുത്തി. അവർ ധർമ ദേവതയായ ചുഴലി ഭഗവതിയെ ഇവിടെ കുടിവെച്ച് ആരാധിച്ചു വന്നു. ഇതാണ് ചുഴലി കിഴക്കേ വീട് തറവാടിന്റെ ആവിർഭാവ ചരിത്രം.
കാലത്തിന്റെ ദുർദശയിൽ തറവാട് ഭൂമി കൈയ്യേറ്റക്കാരുടെ കൈവശത്തിലാകുന്ന അവസ്ഥയുണ്ടായി. കുടുംബക്കാർ അര നൂറ്റാണ്ടോളം നിയമയുദ്ധം നടത്തി സുപ്രീം കോടതി വിധിയനുസരിച്ച് തിരികെ നേടിയ സ്ഥലത്താണ് ഭഗവതീ ക്ഷേത്രം പണിതിരിക്കുന്നത്.
ഉത്തര കേരളത്തിൽ തറവാടുകളിൽ തെയ്യം ആരാധനാ സമ്പ്രദായമാണെങ്കിലും ശ്രീ ചുഴലി ഭഗവതിയുടെ ആരൂഢസ്ഥാനത്ത് വൈദിക സമ്പ്രദായത്തിലുള്ള ആരാധനയായതിനാൽ അതിനെ പിൻപറ്റിയാണ് ഇവിടെ ശിലാമയക്ഷേത്രം പണിതിരിക്കുന്നത്.
തന്ത്ര സമുച്ചയമടക്കമുള്ള വിഷയങ്ങളിൽ അവഗാഹമുള്ള ശില്പിമാർ തന്നെയാണ് പ്രാചീനകാലത്ത് ക്ഷേത്ര പ്രതിഷ്ഠയും നടത്തിയിരുന്നത്.
" ശില്പാചാര്യ പ്രഭാവേന
ശിലാഭവതി ശങ്കര: " എന്നാണ് പ്രമാണം. ശിലയെ ശിവനാക്കുന്ന കുലവിദ്യകൊണ്ടു നടക്കുന്നവരുടെ ക്ഷേത്രം എന്ന നിലയിൽ ശില്പ-തന്ത്ര വിദ്യകൾ അനുഷ്ഠിക്കുന്ന താന്ത്രികാചാര്യൻമാരാണ് ഇവിടെ പ്രതിഷ്ഠ നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

No comments