നീലേശ്വരം പൊതുജന വായനശാല പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷം: സമാപനം നാളെ
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദിയാഘോഷങ്ങൾ നാളെ സമാപിക്കും.
വൈകുന്നേരം 6 മണിക്ക് ചേരുന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ സി മാനവർമ രാജ അധ്യക്ഷത വഹിക്കും. തുടർന്ന് പിലാത്തറ ലാസ്യ കലാക്ഷേത്രത്തിന്റെ നൃത്താവിഷ്കാരം - സുബാലി. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ സി മാനവർമ രാജ അധ്യക്ഷത വഹിക്കും. തുടർന്ന് ബാലവേദി വായനശാല അവതരിപ്പിക്കുന്ന ഒരു കിളിയും അഞ്ച് വേടന്മാരും നൃത്തശിൽപം, ഭാവതീർത്ഥയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിര, ഞാവൽ ചാരു കസേരയോട് എന്ന നാടകം, പടിഞ്ഞാറ്റംകൊഴുവൽ ജൂനിയർ കലാമഞ്ചിന്റെ കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങൾ കവി ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. കെ ആനന്ദവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. സതീഷ് കരിങ്ങാട്ട്, എം കുഞ്ഞമ്പു നായർ, പി യു കുഞ്ഞിക്കൃഷ്ണൻ നായർ, വി ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
No comments