Breaking News

സാന്ത്വനക്കൂട്ടായ്മ സ്നേഹസംഗമം നടത്തി✍️റിജു കുണിയൻ

കരിവെള്ളൂർ പെരളം പഞ്ചായത്തിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിച്ചുവരുന്ന സാന്ത്വന കൂട്ടായ്മയായ സ്നേഹസ്പർശം അംഗങ്ങളുടെയും കൂട്ടായ്മ സാമ്പത്തിക സഹായം നൽകിവരുന്ന കിടപ്പു രോഗികളുടെയും സ്നേഹസംഗമം ഇടയിലെക്കാട് കോസ്റ്റൽ പാരഡൈസ് റിസോർട്ടിൽ ചേർന്നു.
രോഗാവശത മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ മറ്റു വിനോദോപാധികളിൽ പങ്കെടുക്കാനോ സാധിക്കാതെ വീട്ടിൽ തന്നെ ജീവിതം തള്ളിനീക്കുന്നവർക്ക് പുറം ലോകത്ത് അൽപ്പ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കിയ ഈ സംഗമത്തിൽ രോഗികളും വീട്ടുകാരും അംഗങ്ങളുമായി നൂറ്റി ഇരുപതോളം ആളുകൾ പങ്കെടുത്തു. പ്രശസ്ത സിനിമാ നടൻ പി.പി കുഞ്ഞിക്കൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു . വിശിഷ്ടാതിഥിയായ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ആധുനിക ചികിത്സാരീതികളെക്കുറിച്ചും പരിയാരം മെഡിക്കൽ കോളേജിൽ നിലവിൽ ലഭ്യമായ വിവിധ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി അപ്പുക്കുട്ടൻ ആശംസയർപ്പിച്ച് സംസാരിച്ചു. സ്നേഹസ്പർശം പ്രസിഡണ്ട് കെ.പി രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി രവീന്ദ്രൻ സ്വാഗതവും ട്രഷറർ എൻ.കെ പരമേശ്വരൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത നർത്തകി ശ്രുതി ബി ചന്ദ്രൻ്റെ ഡാൻസ് പെർഫോമൻസും ഓണക്കുന്ന് ചിലങ്ക നൃത്തവിദ്യാലയത്തിലെ നർത്തകിമാരുടെ സംഗീതശിൽപവും അരങ്ങേറി. ജോൺസൺ പുഞ്ച ക്കാടിൻ്റെ നേതൃത്വത്തിൽ കരിവെള്ളൂർ ജി ഫോർത്ത് ബാൻഡിൻ്റെ ഫ്ലൂട്ട് ഫ്യൂഷനും, ഗാനമേളയും ചടങ്ങിന് മാറ്റ് കൂട്ടി. പിന്നീട് ക്യാമ്പ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കലാകാരൻമാർക്കും അംഗങ്ങൾക്കുമുള്ള സമ്മാനങ്ങൾ ഡോ. കെ.സുദീപ്, എം. വി അപ്പുക്കുട്ടൻ, പി.വി വിജയൻ മാസ്റ്റർ എന്നിവർ ചേർന്നു നൽകി
....................
✍️ റിജു കുണിയൻ

No comments