ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിന്റെ വായന വെളിച്ചം പദ്ധതിക്ക് വർണാഭമായ തുടക്കം.
ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായ ആരംഭം കുറിച്ചത്. പള്ളിക്കര പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളോട് സംവദിച്ചും വായനാനു ഭവങ്ങൾ പങ്കുവെച്ചും പുസ്തക വിതരണം നടത്തിയും പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് വായന വെളിച്ചത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉൽകണ്ഠകളെയും ഭയങ്ങളെയുമാണ് കഥകളിൽ ആവിഷ്ക്കരിക്കുന്നതെന്നും പല എഴുത്തുകളും മുന്നറിയിപ്പുകളായി കഥയിൽ കടന്നുവരുന്നു. മനസ്സിൻ്റെ അസ്വസ്ഥതകളെ ഇറക്കി വെക്കാനാണ് വേദനിപ്പിക്കുന്ന കഥകളെഴുതുന്നത്. അതൊക്കെ സമൂഹത്തിൻ്റെ വേദനകൾ കൂടിയാണ്. വേദനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും നിരാലംബരാക്കപ്പെട്ടവൻ്റെയും കൂടെ നിൽക്കുകയാണ് എഴുത്തുകാരൻ്റെ കടമ.
വടക്കുനിന്നൊരു സർഗാത്മകതയുടെ വെളിച്ചം ഉയരുകയാണ്.കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന വെളിച്ചം നാടാകെ പരക്കട്ടെ - അംബികാസുതൻ മാങ്ങാട് പറഞ്ഞു.
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, നീലേശ്വരം നഗരസഭാ കൗൺസിലർ പി കുഞ്ഞിരാമൻ, ബാലവേദി സെക്രട്ടറി നിസ്വന, ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ കെ നാരായണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി രമേശൻ സ്വാഗതവും ബാലവേദി താലൂക്ക് കോഡിനേറ്റർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു. പള്ളിക്കര പീപ്പിൾസ് ലൈബ്രറി, പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം, കാര്യങ്കോട് എൻ ജി കമ്മത്ത് സ്മാരക ഗ്രന്ഥാലയം എന്നിവിടങ്ങളിലെ ബാലവേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

No comments