നീലേശ്വരം വെടിക്കെട്ട് അപകടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3,33,03,150 രൂപ അനുവദിച്ചു
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട ചടങ്ങിനിടെ 2024 ഒക്ടോബർ 28 ന് അർധരാത്രിയുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുകയിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3, 33, 03, 150 രൂപ അനുവദിച്ചു.
മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലത്തിന്റെ കുളിച്ചുതോറ്റം പുറപ്പാടിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവരുടെ ചികിത്സയ്ക്കായി ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു സർക്കാരിലേക്ക് കൈമാറാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതു പ്രകാരം കലക്ടർ തയ്യാറാക്കി നൽകിയ റിപ്പോർട്ട് അനുസരിച്ച് പരിക്കേറ്റ 107 പേരുടെ ചികിത്സയ്ക്കായി ചെലവായ തുകയിലേക്കാണ് ധനസഹായം അനുവദിച്ചത്. ജില്ലാ കലക്ടർക്കാണ് തുക അനുവദിച്ചത്. അനുവദിച്ച തുക വിതരണം ചെയ്ത് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
No comments