Breaking News

സർക്കാർ സഹായം നാമമാത്രം: രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലെന്ന് ജില്ലാ ഹോക്കി അസോസിയേഷൻ

സർക്കാർ സഹായം നാമമാത്രം: രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലെന്ന് ജില്ലാ ഹോക്കി അസോസിയേഷൻ.
നാമമാത്രമായ സർക്കാർ സഹായം മാത്രം കൊണ്ട് മുന്നോട്ടു പോകാനാകില്ലെന്നും രൂക്ഷമായ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്ന് വൻ ബാധ്യതയിലാണെന്നും കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ നീലേശ്വരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കളിയുടെ പ്രചാരണത്തിനായി ആവശ്യമായ ഹോക്കി സ്റ്റിക്കുകളും ബോളുകളും മറ്റ് സാമ്പത്തിക സഹായങ്ങളും കേരള ഹോക്കി നൽകുന്നുണ്ടെങ്കിലും സാമ്പത്തിക സഹായം ജില്ലാ ഹോക്കി സ്വയം കണ്ടെത്തേണ്ടി വരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിനയക്കാൻ ആവശ്യമായ യാത്രാ ചെലവുകളും ജഴ്‌സി തുടങ്ങിയ മറ്റ് ചിലവുകളും ജില്ലാ ഹോക്കി അസോസിയേഷൻ വഹിക്കേണ്ടി വരികയാണ്. 2020 വരെ ജില്ലയിലെ മൂന്ന് സ്‌കൂളുകളിൽ മാത്രം നിലനിന്നിരുന്ന ഹോക്കി ഇന്ന് ജില്ലയിലെ മുപ്പതോളം സ്‌കൂളുകളിൽ എത്തിച്ചു. 10 സ്‌കൂളുകളിൽ നല്ല നിലയിൽ തന്നെ പരിശീലനം നടക്കുന്നു. ജില്ലയിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സുശക്തമായ ടീമുകൾ ജില്ലയ്ക്കുണ്ട്. എന്നാൽ സീനിയർ ടീമിൽ നല്ല കളിക്കാരില്ല, വേണ്ട പരിശീലനവും ലഭിക്കുന്നില്ല. ഇത് പലവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാ ടീമിലെ താരങ്ങൾക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. അവരെ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. അസോസിയേഷൻ ഭാരവാഹികൾ ഹോക്കി പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം രാമകൃഷ്ണൻ, കൃഷ്ണൻ പത്താനത്ത്, എം അച്യുതൻ, ശ്രീകാന്ത് പനത്തടി, കെ വി രാമകൃഷ്ണൻ, ശരീഫ് മാടാപ്പറം എന്നിവർ നീലേശ്വരം പ്രസ്‌ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

No comments