സി പി എം ജില്ലാ സമ്മേളനം നാളെ സമാപിക്കും: കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗത ക്രമീകരണം
രണ്ട് ദിവസമായി കാഞ്ഞങ്ങാട്ട് നടന്നു വരുന്ന സി പി എം ജില്ലാ സമ്മേളനം നാളെ സമാപിക്കും.
വൈകിട്ട് നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യെച്ചൂരി- കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പൊതുസമ്മേളനം. പൊതുപ്രകടനമില്ലെങ്കിലും കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ ലോക്കലുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ പ്രകടമായി പൊതുസമ്മേളന നഗരിയിലേക്കെത്തും. ഇത് നഗരത്തിലുണ്ടാക്കുന്ന തിരക്ക് കണക്കിലെടുത്ത് ഹൊസ്ദുർഗ് പോലീസ് നാളെ കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നീലേശ്വരം ഭാഗത്തു നിന്നും കാസർകോട്, മംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും കാഞ്ഞങ്ങാട് സൗത്തിൽ എത്തി കാഞ്ഞങ്ങാട് നഗരത്തിലേക്ക് പ്രവേശിക്കാതെ ദേശീയപാത വഴി തന്നെ യാത്ര തുടരണം. കാസർകോട്, നീലേശ്വരം ഭാഗങ്ങളിൽ നിന്ന് വരുന്ന ഹെവി വാഹനങ്ങൾ രാവിലെ 11 മുതൽ നാഷനൽ ഹൈവേയിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് കർശന നിർദേശമുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലെ സർവീസ് റോഡുകളിൽ യാതൊരു കാരണവശാലും പാർക്കിങ് അനുവദിക്കുന്നതല്ല. കാഞ്ഞങ്ങാട് അതിഞ്ഞാൽ മലബാർ ഗോൾഡ് മുതൽ പുതിയകോട്ട വരെയുള്ള സ്‌റ്റേറ്റ് ഹൈവേയുടെ കിഴക്ക് ഭാഗം പ്രകടനക്കാർക്കും പടിഞ്ഞാറ് ഭാഗം വൺവേ ഒഴിവാക്കി ടുവേ ആയി ഉച്ചയ്ക്ക് രണ്ട് മുതൽ ഉപയോഗിക്കാം. ഗതാഗത നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് ഹൊസ്ദുർഗ് പോലീസ് അറിയിച്ചു.
No comments