Breaking News

ആരോഗ്യ മേഖലയിൽ ചർച്ചയായി പെരുങ്കളിയാട്ടത്തിലെ പുതുക്കൈ മോഡൽ

ആയിരം ആളുകൾക്ക് ഭക്ഷണ വിതരണം നടത്തുന്നിടത്തു പോലും നൂറുകണക്കിനാളുകൾക്ക് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത്,
ദിവങ്ങളോളം ലക്ഷക്കണക്കിനാളുകൾക്ക് അന്നദാനം നൽകിയിട്ടും യാതൊരു തരത്തിലുമുള്ള പൊതുജനാരോഗ്യപ്രശ്നങ്ങളോ, ഭക്ഷ്യവിഷബാധയോ സംഭവിക്കാനിടവരാതെ കാത്ത പുതുക്കൈ പെരുങ്കളിയാട്ട ഭൂമികയിലെ ആരോഗ്യ വകുപ്പിൻ്റെ ജാഗ്രത വിസ്മയമായി മാറി!
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവൺമെൻ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷിൻ്റെയും, ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ്റെയും നേതൃത്വത്തിലുള്ള പൊതുജനാരോഗ്യ വിഭാഗത്തിൻ്റെ സമർപ്പണ ബോധവും, ജാഗ്രതയും കൊണ്ടാണ് ഇതു സാധിച്ചത് എന്ന് മഹോത്സവക്കമ്മിറ്റി ഏകസ്വരത്തിൽ നന്ദിപൂർവ്വം പറയുന്നു.

പെരുങ്കളിയാട്ടത്തിനു വേണ്ടി വെള്ളം എടുക്കുന്ന പതിനഞ്ചോളം കിണറുകൾ ഒരു മാസം മുൻപ് തന്നെ തേകി വറ്റിച്ച് വൃത്തിയാക്കി, കിണർ വല ഇട്ട് സംരക്ഷിക്കുകയും, തുടർന്ന് ക്ലോറിനേറ്റ് ചെയ്യുകയും, ഗുണനിലവാര പരിശോധന നടത്തി ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലെ നൂറ്റിപ്പതിനഞ്ചോളം കിണറുകളും മാസ് ക്ലോറിനേഷനിലൂടെ അണുവിമുക്തമാക്കിയിരുന്നു.
ആവശ്യമായത്രയും കുടി വെള്ളം അടുക്കളയിലും പുറത്തും തിളപ്പിച്ച് തണുപ്പിച്ച് നൽകിയിരുന്നു
മുഴുവൻ പാചകക്കാരുടെയും ഹെൽത്ത് കാർഡ് ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.
ഓരോ പാചകത്തിനു മുൻപും, അരിയും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ നേരിട്ട് ഉറപ്പു വരുത്തിയിരുന്നു
ഗുണമേന്മയുള്ള തൈര് മാത്രം ഉപയോഗിക്കുകയും അവ പൂർണ്ണമായും ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുംചെയ്തിരുന്നു
അടുക്കളയിൽ ചോറ് നിരത്തുന്ന പായ, വല്ലം, കുട്ടകൾ എന്നവ യഥാസമയം കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തിയിരുന്നു
മുൻകൂട്ടി കഴുകി വച്ച പാത്രങ്ങൾ, ഭക്ഷണ വിതരണത്തിന് മുൻപു വീണ്ടും തിളച്ച വെള്ളത്തിൽ മുക്കി അണുവിമുക്തമാക്കിയിരുന്നു.

അടുക്കള മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിരുന്നു
ശുചിമുറികൾ അടുക്കളയിൽ നിന്നും ദൂരെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചിരുന്നു
അടുക്കളയിലും., സമീപ സ്ഥലങ്ങളിലും സിസി ടിവി നിരീക്ഷണം ഉറപ്പുവരുത്തിയിരുന്നു

ഭക്ഷണ വിതരണ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കൈകൾ കഴുകാനുള്ള സംവിധാനം ഒരുക്കിയിരുന്നു. കഴുകിത്തുടച്ചതും വൃത്തിയുള്ളതുമായ ഇലകൾ മാത്രമാണ് നൽകിയിരുന്നത് എങ്കിൽക്കൂടിയും, തിളപ്പിച്ച വെള്ളം പിന്നെയും നൽകി ഇലകൾ ഒരിക്കൽ കൂടി കഴുകാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഭക്ഷണ ശുചിത്വം പാലിക്കുന്നതിലേക്കുള്ള ബോർഡുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുകയും, ഉച്ചഭാഷിണിയിലൂടെ നിർദ്ദേശങ്ങൾ അടിക്കടി നൽകുകയും ചെയ്തിരുന്നു.
ഓരോ ദിവസവും വിതരണം ചെയ്ത മുഴുവൻ ഭക്ഷ്യവസ്തുക്കളുടെയും സാമ്പിൾ ഒരു മുൻകരുതൽ എന്ന നിലയിൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരുന്നു.
ഖരദ്രവ മാലിന്യങ്ങൾ യഥസമയം നീക്കം ചെയ്തിരുന്നു. 
കക്കൂസുകളും മൂത്രപ്പുരകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയിരുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ നിർദ്ദേശിക്കപ്പെട്ട ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തിയിരുന്നു
സമയബന്ധിതമായി വെള്ളം തളിച്ച് പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പ്രഥമ ശുശ്രൂഷ കേന്ദ്രം ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നു. ഇവിടെ ആവശ്യമായത്ര ഡോക്ടേഴ്സ് , നേഴ്സിംഗ് ഓഫീസേഴ്സ്, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഇതര പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിരുന്നു.
വിശാലമായ ഫാർമസി സൗകര്യം, ആംബുലൻസ് സേവനം എന്നിവ ഏർപ്പെടുത്തിയിരുന്നു.

പെരുങ്കളിയാട്ട നഗരിയിലെ ഐസ്ക്രീം വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇതര സ്വകാര്യ ഭക്ഷണശാലകളുടെ ശുചിത്വവും ഹെൽത്ത് ഇൻസ്പെക്ടർമാർ ഓരോ ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.
ആരോഗ്യ വകുപ്പിൻ്റെ കൃത്യമായ മോണിറ്ററിംഗ് എല്ലാ ദിവസവും എല്ലാ മേഖലയിലും ഉറപ്പുവരുത്തിയിരുന്നു.

ക്ഷേത്രേ കമ്മിറ്റി പ്രസിഡൻ്റ് ദിനേശൻ കൊവ്വൽ പള്ളി, വർക്കിംഗ് കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ, ജനറൽ കൺവീനർ വി കൃഷ്ണൻ, ആരോഗ്യ കൺവീനർ എൻ ഇ ശിവകുമാർ, അടുക്കള കമ്മിറ്റി ചെയർമാൻ സുകുമാരൻ മാസ്റ്റർ, വേണു അടുക്കത്ത് പറമ്പ്, കുടിവെള്ള ചെയർമാൻ സുരേന്ദ്രൻ കോഴിത്തട്ട, കൺവീനർ സുരേന്ദ്രൻ പള്ളിക്ക വളപ്പ്, ഭക്ഷണ വിതരണ കൺവീനർ പ്രകാശൻ ചേടിറോഡ് തുടങ്ങിയ മുഴുവൻ ചെയർമാൻ, കൺവീനർ, അംഗങ്ങൾ എന്നിവരുടെ കൂട്ടായ സഹകരണത്തോടൊപ്പം ആരോഗ്യ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം എക്കാലവും ഓർമിക്കത്തക്ക വിധത്തിലുള്ള ഒരു ഇതിഹാസമായി മാറി.

No comments