സോഷ്യൽമീഡിയ വഴി നഗ്നഫോട്ടോ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി: അറസ്റ്റിൽ
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും സൗഹൃദം നടിച്ച് വീഡിയോ കോളിലൂടെയും അല്ലാതെയും നഗ്നദൃശ്യങ്ങൾ കൈക്കലാക്കി 10 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്ത കർണാടക സ്വദേശി അറസ്റ്റിൽ.കർണാടക മംഗളൂരു കോളംബെയിലെ അശ്വത്ത് ആചാര്യ (33)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പോലീസ് സ്‌റ്റേഷൻ പരിധിയിലെ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. യക്ഷഗാന കലാകാരനെന്ന വ്യാജേന ഫെയ്‌സ്ബുക്കിലൂടെ യുവാവിനെ പരിചയപ്പെട്ട അശ്വത്ത് ആചാര്യ മൊബൈൽ നമ്പർ കൈമാറുകയും സമൂഹമാധ്യമങ്ങൾ വഴി വീഡിയോ കോളുകളും മറ്റ് മെസേജുകളും കൈമാറി യുവാവ് അറിയാതെ നഗ്നഫോട്ടോകളും വീഡിയോയും സ്‌ക്രീൻ ഷോട്ടിലൂടെ കൈക്കലാക്കി ഇവ ഷെയർ ചെയ്യാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിവിധ തവണകളായി 10, 05, 000 രൂപ അയച്ചു കൊടുത്ത ശേഷവും ഭീഷണി തുടർന്നപ്പോഴാണ് ബേക്കൽ പോലീസിൽ എത്തി പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം കാസർകോട് ഡി വൈ എസ് പി, സി കെ സുനിൽകുമാറിന്റെ നിർദേശപ്രകാരം മഞ്ചേശ്വരം സി ഐ, ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി കർണാടകയിൽ എത്തി പ്രതിയെ പിടികൂടിയ ശേഷം ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു. ഇതേ രീതിയിൽ മറ്റ് പലരെയും കബളിപ്പിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചയായി പോലീസ് അറിയിച്ചു.
No comments