ചാമക്കുഴി കൂവാറ്റി അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ: ആറ് കുട്ടികൾ ആശുപത്രിയിലായി
നീലേശ്വരം കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചാമക്കുഴി കൂവാറ്റി അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ.
ഇതേ തുടർന്ന് ആറ് പിഞ്ചുവിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നീലേശ്വരം വള്ളിക്കുന്നിലെ താലൂക്കാശുപത്രി, ചോയ്യംകോട്ടെ സ്വകാര്യ നഴ്‌സിങ് ഹോം, നീലേശ്വരം എൻകെബിഎം ആശുപത്രി, നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഛർദിയെ തുടർന്ന് ആവശനിലയിലായതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവാൻ, ഇവാൻ കൃഷ്ണ, നൈതിക്, ശിവാംശി, ആരവ്, സാൻവിക എന്നീ വിദ്യാർഥികളാണ് ചികിത്സ തേടിയത്. വെള്ളത്തിലോ ഭക്ഷണത്തിലൂടെയോ ആണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം. ബുധനാഴ്ചയാണ് ഇവർക്ക് അസ്വസ്ഥതയുണ്ടായത്. അങ്കണവാടിയുടെ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം നിലവിൽ താൽക്കാലികമായി ചാമക്കുഴി സ്‌കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം. ആർക്കും ആശങ്ക ഉയർത്തുന്ന ആസ്വസ്ഥതകൾ ഉണ്ടായില്ല. സംഭവതത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ അങ്കണവാടിയിൽ പരിശോധനയ്‌ക്കെത്തി.
No comments