Breaking News

സംസ്ഥാന കലോത്സവത്തിൽ ആദ്യമായി മത്സരിച്ച് ആറിനങ്ങളിലും എ ഗ്രേഡ്: ജില്ലയുടെ അഭിമാനമായി മഹിപാൽ

സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനെത്തിയത് ഇതാദ്യം.
മത്സരിച്ചത് ആറിനങ്ങളിൽ; ആറിലും എ ഗ്രേഡും. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയുടെ അഭിമാന താര മായിരിക്കുകയാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥി മഹിപാൽ.
അഷ്ടപദി, കഥകളി സംഗീതം, ലളിതഗാനം, സംസ്കൃത ഗാനാലാപനം, ഗ്രൂപ്പ് ഇനങ്ങളായ ഉറുദു ഗാനം, ദേശഭക്തി ഗാനം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച ആറിനങ്ങളിലും എ ഗ്രേഡ് നേടിയ ഏക വിദ്യാർഥിയാണ് മഹിപാൽ. അഷ്ടപദി, കഥകളി സംഗീതം എന്നിവ കലാമണ്ഡലം അജിത് കുമാർ, ലളിതഗാനം രാജേഷ് തൃക്കരിപ്പൂർ എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം നീലേശ്വരത്തെ വിപിൻ രാഗവീണയിൽ നിന്നുമാണ് അഭ്യസിക്കുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും മത്സരിച്ച് കയ്യടി നേടി. സ്‌റ്റേജ് പരിപാടികളിലും നിറ സാന്നിധ്യമാണ്. നെല്ലിത്തറ സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവ് കാഞ്ഞങ്ങാട് സൗത്തിലെ ദിവാകരന്റെയും അധ്യാപികയും തിയറ്റർ ആർട്ടിസ്റ്റുമായ സൗമ്യയുടെയും മകനാണ്. സഹോദരൻ ദീപക് ദിവാകർ പ്ലസ്ടു വിദ്യാർഥിയാണ്.
............

No comments