Breaking News

എട്ടു കോടിയുടെ പദ്ധതിക്ക് അനുമതി: സമഗ്ര വികസനത്തിന് ഒരുങ്ങി നീലേശ്വരം റെയിൽവേ സ്റ്റേഷൻ

എന്നും പരാതികളും പരിഭവങ്ങളും ഉള്ള നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനത്തിന് എട്ടു കോടിയുടെ വമ്പൻ പദ്ധതികളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം.നീലേശ്വരം റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എൻ ആർ ഡി സി യുടെ നിരന്തര ശ്രമഫലമായിട്ടാണ് ഈ വികസന പദ്ധതി കൈ വന്നിരിക്കുന്നത്. നിലേശ്വരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പുതിയ സ്റ്റേഷൻ കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായിട്ടാണ് എട്ടു കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ സ്വന്തമായി സ്ഥലമുള്ള സ്റ്റേഷൻ ആയിരുന്നിട്ട് പോലും വികസനത്തിൽ എന്നും നീലേശ്വരത്തെ തഴയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. വരുമാനത്തിലും മുന്നിൽ തന്നെയായിരുന്നു എന്നും നീലേശ്വരം.കൂടാതെ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനുമാണ്. ഇതെല്ലാമായിരുന്നിട്ടും പല ട്രെയിനുകൾക്കും അടുത്ത കാലം വരെ നീലേശ്വരത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ എൻ ആർ ഡി സി യുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി പുതിയതായി അഞ്ച് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു ,കോവിഡ് കാലത്ത് നിർത്തലാക്കിയ രണ്ടു വണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചു, പടിഞ്ഞാറേ ഭാഗത്തെ പാർക്കിംഗ് സമുച്ചയത്തിന് അനുമതി ,ഗാന്ധി പ്രതിമ, മ്യൂറൽ പെയിൻറിംഗ്, കിഴക്കുഭാഗത്ത് പാർക്കിംഗ് സമുച്ചയം, രണ്ടാം പ്ലാറ്റ്ഫോം നീളംകൂട്ടൽ ,സിസിടിവി, ലിഫ്റ്റ് സ്ഥാപിക്കൽ എന്നിവയെല്ലാം ഇവരുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു നേടിയെടുക്കുവാൻ കഴിഞ്ഞത് . അതിനു പുറമെയാണ് എട്ടു കോടിയുടെ പദ്ധതികൾ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനം പൂർണതോതിൽ യാഥാർത്ഥ്യമായാൽ അത് നഗരവികസനത്തിനും ഒരു മുതൽക്കൂട്ടാവും.
അന്ത്യോദയ എക്സ്പ്രസ്സ്,
അജ്മീർ സൂപ്പർ ഫാസ്റ്റ്, കൂടാതെ 
പ്രതിവാര വണ്ടികൾ എന്നിവക്ക് 
സ്റ്റോപ്പ് അനുവദിക്കണമെന്നവശ്യവും ശക്തമാണ്.

No comments