സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് കാട്ടി നാടിൻ്റെ അഭിമാനമായ സച്ചു സതീഷിന് കാഞ്ഞങ്ങാട്ട് സ്വീകരണം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം,കേരളനടനം എന്നീ ഇനങ്ങളിൽ എ ഗ്രേഡും കുച്ചിപ്പുടിയിൽ ബി ഗ്രേഡും നേടി മികവ് കാട്ടിയ സച്ചു സതീഷിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട്ടെ ജെ.കെ. ജങ്ഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്. അമ്മ ബിന്ദുവും മൂത്തമ്മ ലക്ഷ്മിയും സച്ചുവിനൊപ്പമുണ്ടായിരുന്നു. കടുമേനി ഉന്നതിയിലാണ് സച്ചുവും അമ്മ ബിന്ദുവും താമസം. കൂലിപ്പണിയെടുത്താണ് ബിന്ദു കുടുംബം പോറ്റുന്നത്. തോമാപുരം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സച്ചു. നിന്നുതിരിയാൻ ഇടമില്ലാത്ത കൊച്ചുവീട്ടിലാണ് സച്ചുവിൻ്റെ നൃത്തപരിശീലനം. കഷ്ടപ്പാടിനിടയിലും മകൻ്റെ കലാവാസന പ്രോത്സാഹിപ്പിക്കാൻ അമ്മ എന്നും കൂട്ടു നിന്നു. ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയാണ് സച്ചുവിനെ അമ്മ നൃത്തമത്സരങ്ങൾക്ക് അയക്കുന്നത്. ജില്ലാ കലോത്സവത്തിൽ സച്ചു ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്ന് സച്ചുവിൻ്റെ ദുരിതം പത്രവാർത്തയിലൂടെ അറിഞ്ഞ ജെ.കെ. ജങ്ഷൻ കൂട്ടായ്മ കലോത്സവത്തിൽ മത്സരിക്കാനുള്ള ചെലവിലേക്ക് 1,11,111 രൂപ സ്വരൂപിച്ച് കൈമാറിയിരുന്നു. സച്ചുവിൻ്റെ ജീവിതം മാതൃകാപരവും നൃത്തകലാപഠനമാണ് തൻ്റെ ലക്ഷ്യമെന്നുമുള്ള തീരുമാനം പ്രശംസാർഹമാണെന്നും സ്വീകരണച്ചടങ്ങിൽ എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ എം. കെ. വിനോദ് കുമാർ, എ. ഹമീദ് ഹാജി എന്നിവർ പൊന്നാട അണിയിച്ചു. മാതൃഭൂമി റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണൻ, മാരിയമ്മ ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ ബി. മുകുന്ദപ്രഭു, പി.എം. അബ്ദുൽ നാസർ, സിനിമാതാരം സിജി രാജൻ, അനീഷ് ചായ്യോത്ത്, നന്ദകിഷോർ സുകുമാരൻ എന്നിവർ പങ്കെടുത്തു.
No comments