കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി എം.ടി.യെയും ജയചന്ദ്രനെയും അനുസ്മരിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി മലയാളഭാഷയുടെ സർഗ്ഗസഞ്ചാരങ്ങളെ മുക്കാൽ നൂറ്റാണ്ട് വഴി നടത്തിയ എം.ടി.യെയും മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനെയും അനുസ്മരിച്ചു. എ.സി.കണ്ണൻ നായർ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ തന്റെ തൂലിക കൊണ്ട് പ്രതികരിച്ച വ്യക്തിയാണ് എം ടി എന്നും, പ്രായത്തെ അതിജീവിച്ച ഗായകനാണ് പി.ജയചന്ദ്രൻ എന്നും ഭാഷ ഉള്ളടത്തോളം കാലം മലയാളികൾ എന്നും ഓർത്തുവയ്ക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇരുവരും എന്ന് സുജാത ടീച്ചർ പറഞ്ഞു
കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.പി.മഞ്ജുള അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി.വാസുദേവൻ നായർ സാഹിത്യത്തിലൂടെയും പി.ജയചന്ദ്രൻ ഭാവഗാനങ്ങളിലൂടെയും മലയാളഭാഷയെ ഒരേ ആസ്വാദന രീതിയിൽ പൊതുജനങ്ങളിൽ എത്തിച്ച വ്യക്തിത്വത്തിന് ഉടമകൾ ആയിരുന്നു ഇരുവരും എന്ന് ഡോ: പി.മഞ്ജുള പറഞ്ഞു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുല്ല,സംസാരിച്ചു. മുനിസിപ്പൽ ലൈബ്രറി കമ്മിറ്റി കൺവീനർ കെ രവീന്ദ്രൻ സ്വാഗതവും ലൈബ്രറി കമ്മിറ്റി അംഗം ഫൗസിയ ഷെരീഫ് നന്ദിയും പറഞ്ഞു. ജംന.സി, രാജേഷ് പുതുക്കൈ, അശോകൻ.കെ, രാജേഷ് പടിഞ്ഞാറേക്കര, അതുല്യ പ്രകാശൻ, രതീഷ് കാലിക്കടവ്, രാജേഷ് തെരുവത്ത് എന്നിവർ ഗാനാഞ്ജലിയിൽ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.
No comments