Breaking News

നീലേശ്വരം താലൂക്കിന്‌ പച്ചക്കൊടി: താലൂക്ക്‌ ആസ്ഥാനവും നീലേശ്വരത്ത്‌ തന്നെ വേണമെന്ന്‌ സര്‍വകക്ഷി യോഗത്തില്‍ ആവശ്യം

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്‌ മുന്നോട്ടുവച്ച നീലേശ്വരം താലൂക്ക്‌ എന്ന ആസ്ഥാനത്തിന്‌ സര്‍വകക്ഷി യോഗം ഒറ്റക്കെട്ടായി പച്ചക്കൊടി കാട്ടി.
ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരം ആസ്ഥാനമായി താലൂക്ക്‌ രൂപീകരിക്കുന്നതിന്റെ അഭിപ്രായസ്വരൂപണത്തിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്‌ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്‌. ഇതേ ആവശ്യവുമായി നീലേശ്വരം നഗരസഭയുടേതുള്‍പ്പെടെയുള്ള നിവേദനങ്ങള്‍ മുഖ്യമന്ത്രിക്ക്‌ ലഭിച്ചതോടെയാണ്‌ ജില്ലയിലെ രാഷ്ട്രീയനേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായമറിയാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്‌. കലക്ടര്‍ കെ ഇമ്പശേഖറിന്റെ നിര്‍ദേശപ്രകാരം ഹൊസ്‌ദുര്‍ഗ്‌ തഹസില്‍ദാര്‍ ടി ജയപ്രസാദ്‌ ആണ്‌ ഇന്നലെ ഹൊസ്‌ദുര്‍ഗ്‌ മിനി സിവില്‍ സ്റ്റേഷനില്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്‌. ഹൊസ്‌ദുര്‍ഗ്‌ താലൂക്കിനെ വിഭജിച്ച്‌ നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക്‌ താലൂക്ക്‌ വേണമെന്ന കാര്യത്തില്‍ ധാരണയാവുകയും ചെയ്‌തു.
നീലേശ്വരം നഗരസഭയ്‌ക്ക്‌ പുറമെ ചെറുവത്തൂര്‍, പിലിക്കോട്‌, ചീമേനി, വലിയപറമ്പ്‌, തൃക്കരിപ്പൂര്‍, പടന്ന എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാകും പുതുതായി രൂപീകരിക്കുന്ന നീലേശ്വരം താലൂക്ക്‌. കാഞ്ഞങ്ങാട്‌ നഗരസഭയിലുള്‍പ്പെട്ട പുതുക്കൈ വില്ലേജിനെ നീലേശ്വരം താലൂക്കില്‍ ചേര്‍ക്കണമെന്ന മടിക്കൈ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി പ്രകാശന്റെ നിര്‍ദേശം താലൂക്ക്‌ വികസന സമിതി അംഗവും കാഞ്ഞങ്ങാട്‌ നഗരസഭ മുന്‍ ചെയര്‍മാനുമായ കോണ്‍ഗ്രസ്‌ നേതാവ്‌ വി ഗോപി എതിര്‍ത്തു. ഇതോടെ കാഞ്ഞങ്ങാട്‌ നഗരസഭയെ വെട്ടിമുറിക്കേണ്ടതില്ലെന്ന്‌ യോഗത്തില്‍ ധാരണയായി.

No comments