ലയം കലാക്ഷേത്രം നൃത്ത സംഗീതോത്സവം നീലേശ്വരത്ത് അരങ്ങേറി
പയ്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ലയം കലാക്ഷേത്രത്തിൻ്റെ 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തിയ നാട്യ- നടന വിസ്മയം തീർത്ത നൃത്ത സംഗീതോത്സവം പ്രേക്ഷക സദസ്സിന് നവ്യാനുഭവമായി.
കലാക്ഷേത്രത്തിലെ 100 ൽ പരം നർത്തകരെ അണിനിരത്തി ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ജുഗൽബന്തി എന്നീ ശാസ്ത്രീയ നൃത്ത ഇനങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് ഇടവേളയില്ലാതെ 3 മണിക്കൂറിലധികം നീണ്ട നൃത്താവിഷ്ക്കാരം വിവിധ നൃത്ത കലകളുടെ പരിച്ഛേദമായി മാറി. കലാമണ്ഡലം വനജ രാജൻ നൃത്തസംവിധാനം നിർവ്വഹിച്ച് ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരത്തിന് ലയം കലാക്ഷേത്രം ഡയറക്ടർ രാജൻ കരിവെള്ളൂർ സംഗീത സംവിധാനം നിർവ്വഹിച്ചു.
പ്രശസ്ത മോഹിനിയാട്ടം നർത്തകിയും, കേരള കലാമണ്ഡലം പ്രിൻസിപ്പലുമായ പ്രൊ. സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ നൃത്തരംഗത്ത് അരങ്ങേറ്റം കുറിച്ച പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് പ്രദേശങ്ങളിലെ ലയം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ഇക്കഴിഞ്ഞ സംസ്ഥാന കലോൽത്സവത്തിൽ സബ്ബ് ജില്ലാ - ജില്ല - സംസ്ഥാനടിസ്ഥാനത്തിൽ മികച്ച വിജയം കൈവരിച്ച കലാ പ്രതിഭകൾക്ക് അനുമോദനം എന്നിവ ചടങ്ങിൻ്റെ ഭാഗമായി നടന്നു.
സംഘാടക സമിതി ചെയർമാൻ പി.സി. സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. കലാമണ്ഡലം വനജാ രാജൻ സ്വാഗതവും, രജീഷ് നീലേശ്വരം നന്ദിയും പറഞ്ഞു.
പി.ബിന്ദു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പിനാൻ നീലേശ്വരം, രാമചന്ദ്രൻ വി.കെ. എന്നിവർ പ്രസംഗിച്ചു.
വിടവാങ്ങിയ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ സ്മരണാർത്ഥം വേണു പയ്യന്നൂർ അവതരിച്ച ഗാനാമൃതം പരിപാടി അദ്ദേഹത്തിനുള്ള അശ്രുപൂജയായി.
No comments