കോസ് മോസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ നന്മ നീലേശ്വരത്തിന് തകർപ്പൻ ജയം.
നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന കോസ് മോസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ ഫൈനൽ മത്സരത്തിൽ നന്മ നീലേശ്വരത്തിന് തകർപ്പൻ ജയം. ഇന്നലെ നടന്ന വാശിയേറിയ അന്തിമ പോരാട്ടത്തിൽ കരുത്തരായ ഗ്രീൻ സ്റ്റാർ കാടങ്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിക്കുകയായിരുന്നു.
കളിയുടെ ആദ്യ പകുതിയുടെ പത്താം മിനുട്ടിൽ ലഭിച്ച ഒരു ഫൗൾ കിക്ക് നന്മയുടെ കളിക്കാർ കൃത്യമായി എതിർ വലയിൽ എത്തിക്കുക വഴി കോസ് മോസ് ട്രോഫി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
ഗോൾ തിരിച്ചടിക്കാൻ ഗ്രീൻ സ്റ്റാർ അടവുകൾ പലതും പുറത്തെടുത്തുവെങ്കിലും നിരവധി തവണ അക്രമിച്ചു കളിച്ചുവെങ്കിലും നന്മയുടെ പ്രതിരോധ നിരയും പ്രത്യേകിച്ച് ഗോളിയും സമർത്ഥമായി വിഫലമാക്കുകയായിരുന്നു
നീലേശ്വരം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിധം തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെഫുട്ബോൾ പ്രേമികളെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു കൊണ്ടാണ് ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരം സമാപിച്ചത്.
മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി നന്മയുടെ അതിഥി തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രീൻ സ്റ്റാർ കാടങ്കോടിന് വേണ്ടി ലിൻഷ മണ്ണാർക്കാടിൻ്റെയും, നന്മ നീലേശ്വരത്തിന് വേണ്ടി KD SFC കിഴിശ്ശേരിയുടെയും കളിക്കാർ അണിനിരന്നു.
മുൻ മന്ത്രിയും എം എൽ എ യും ആയ ഇ.ചന്ദ്രശേഖരൻ വിജയികൾക്ക് സമ്മാനദാനം നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ മേലത്ത്, ആനക്കൈ ബാലകൃഷ്ണൻ, വർക്കിംഗ് ചെയർമാൻമാരായ ഡോ: വി.സുരേശൻ, അഡ്വ.പി.ബാബുരാജ്, ജനറൽ കൺവീനർ പി. വി രാജേഷ് മാസ്റ്റർ, ട്രഷറർ പി.പി.സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
No comments