Breaking News

റോട്ടറി ക്ലബുകളുടെ മലബാർ മേഖലാ കുടുംബസംഗമം - സമാഗമം 2025 നാളെ മുതൽ 26വരെ.

റോട്ടറി ക്ലബുകളുടെ മലബാർ മേഖലാ കുടുംബസംഗമം - സമാഗമം 2025 നാളെ മുതൽ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കും.
കാസർകോട് റോട്ടറി ക്ലബ് ആതിഥ്യം വഹിക്കുന്ന പരിപാടിയിൽ കണ്ണൂർ നോർത്ത് മേഖലയിലെ 12 ക്ലബുകളും സഹ ആതിഥേയരാണ്. റോട്ടറി ഇന്റർനാഷനൽ ഡയറക്ടർ പി എൻ രാജു സുബ്രഹ്മണ്യൻ സമാഗമം ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. സന്തോഷ് ശ്രീധർ അധ്യക്ഷത വഹിക്കും. റോട്ടറി ഇന്റർനാഷനൽ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ശശി ശർമ മൂന്ന് ദിവസവും സംഗമത്തിൽ സംബന്ധിക്കും. വിവിധ സെഷനുകളിൽ അതത് മേഖലയിലെ വിദഗ്ധരും പ്രമുഖരും ക്ലാസ് എടുക്കും. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് റോട്ടറിയുടെ ഫോർ ദ സെയിക് ഓഫ് ഓണർ പുരസ്കാരവും സമ്മാനിക്കും. സംഗമം 26 ന് സമാപിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ക്ലബുകളെ പ്രതിനിധീകരിച്ചും പ്രതിനിധികൾ സംഗമത്തിനെത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി കാസർകോട് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ ബി നാരായണ നായക്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ, ഡോ. സന്തോഷ് ശ്രീധർ, സംഘാടക സമിതി ചെയർമാൻ എം ടി ദിനേശ്, സെക്രട്ടറി എം കെ രാധാകൃഷ്ണൻ, ട്രഷറർ എം വിശാൽ കുമാർ എന്നിവർ കാസർകോട് പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

No comments