പെരിയ കല്യോട്ട് ഇരട്ട കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും, 4 സിപിഎം നേതാക്കൾക്കു 5 വർഷം തടവും 1000 രൂപ പിഴയും
പെരിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരതാലിനെയും കൃപേഷിനെയും കല്യോട്ട് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 4 സിപിഎം നേതാക്കൾക്കു 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതിയും സിപിഎം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായ എ.പീതാംബരൻ, രണ്ടാം പ്രതി സജി സി ജോർജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനിൽകുമാർ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ആർ ശ്രീരാഗ്, ഏഴാം പ്രതി അശ്വിൻ എന്ന അപ്പു, എട്ടാം പ്രതി സുബീഷ് എന്ന മണി, പത്താം പ്രതി ടി.രഞ്ജിത്ത് എന്ന അപ്പു, പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്ന വിഷ്‌ണുസുര എന്നിവരെയാണ് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പത്താം പ്രതി ടി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ കൊലക്കുറ്റത്തിന് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തിയിരുന്നു. എറണാകുളം സിബിഐ കോടതി ജഡ്‌ജ് ശേഷാദ്രിനാഥ് ആണ് ശിക്ഷാവിധി പ്രസ്‌താവിച്ചത്. കേസിലെ 14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ മണികണ്‌ഠൻ, 21-ാം പ്രതി രാഘവൻ വെളുത്തോളാ, 22-ാം പ്രതി കെ വി ഭാസ്കരൻ എന്നിവരെയും അഞ്ചുവർഷം തടവിനും ആയിരം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. . 2019 ഫെബ്രുവരി
17ന് രാത്രി 7.45 മണിയോടെ കല്യോട്ട്- തന്നിത്തോട് റോഡിൽ വച്ച് ബൈക്ക് തടഞ്ഞു നിർത്തിയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ഇരട്ടക്കൊലക്കേസ് സുപ്രിംകോടതി വിധിയെ തുടർന്നാണ് സിബിഐ അന്വേഷിച്ചത്. 24 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ 10 പേരെ കുറ്റക്കാരല്ലെന്നു കരുതി കോടതി വെറുതെ വിട്ടിരുന്നു.
No comments