Breaking News

നീലേശ്വരം കോട്ടപ്പുറം അഖിലകേരള നാടകോത്സവം നാളെ മുതൽ 30 വരെ

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് ജനകീയ സംഘാടക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോട്ടപ്പുറം അഖിലകേരള നാടകോത്സവം നാളെ മുതൽ 30 വരെ നടക്കും.
തുടർച്ചയായ ഒൻപതാമത്തെ വർഷമാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം 6. 30 ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നാടകോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപഴ്‌സൺ ടി വി ശാന്ത മുഖ്യാതിഥിയാകും. തുടർന്ന് കല കാങ്കോലിന്റെ ഉറുമാല് കെട്ടിയ ചൈത്രമാസം എന്ന നാടകം അരങ്ങേറും. 28 വൈകിട്ട് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, 29 ന് ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തീയറ്റർ കേരളയുടെ മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, നൂറ് ശതമാനം സിന്ദാബാദ്, സമാപന ദിവസമായ 30 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് എന്നീ നാടകങ്ങൾ അരങ്ങേറും. സമാപന സമ്മേളനവും ചികിത്സാസഹായ വിതരണവും 30 ന് വൈകുന്നേരം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും. എച്ച്.ഗോകുൽദാസ് കമ്മത്ത് സാമ്പത്തിക സഹായം വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടീവ് അംഗം രാജ്‌മോഹൻ നീലേശ്വരം മുഖ്യാതിഥിയാകും. നാടകോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തിനിടെ ഉദാരമതികളുടെ സഹായത്തോടെ ഇരുനൂറ്റിയൻപതോളം രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൈത്താങ്ങാകാൻ സാധിച്ചതായി സംഘാടകർ നീലേശ്വരം പ്രസ്‌ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ മാട്ടുമ്മൽ കൃഷ്ണൻ, അരവിന്ദൻ മുണ്ടേമ്മാട്, ടി വി സജീവൻ, പി സി സുരേന്ദ്രൻ നായകർ ടി വി ഭാസ്‌കരൻ, എം വി ഭരതൻ, യു എം ജഗദീശൻ, എം പി ചന്ദ്രൻ മാസ്റ്റർ, എ ഗണേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments