ലഹരി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജനകീയ സമിതികൾ രൂപീകരിച്ച് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ.
തെരെഞ്ഞെടുക്കപ്പെട്ട വാർഡുകൾ ലഹരി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജനകീയ സമിതികൾ രൂപീകരിച്ച് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗ് കാസർഗോഡ് ഡിവിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിൻ്റെ ഭാഗമായി നീലേശ്വരം കൊട്ടറ കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർത്ത നീലേശ്വരം നഗരസഭ 23ാം വാർഡ് ജനകീയ സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് ഡി .വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വ്യാപനം തടയുന്നതിലൂടെ കുറ്റകൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നും ജനകീയ ഇടപെടലുകൾ പോലീസിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ലഹരി വ്യാപാരികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ ജനകീയ സമിതികൾക്ക് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലഹരി വസ്തുക്കളുടെ വ്യാപനം കണ്ടെത്താൻ വ്യാപകമായ സർവ്വേ പ്രവർത്തനങ്ങൾ ജനകീയ സമിതിയുടെ സഹായത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രൻ മാസ്റ്റർ,പുരുഷ സംഘം സെക്രട്ടറി സുധാകരൻ കൊട്ടറ, ഷിബിൻ എന്നിവർ സംസാരിച്ചു. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ വിനയരാജ് സ്വഗതവും ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് കുഞ്ഞിവീട്ടിൽ നന്ദിയും പറഞ്ഞു. ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ ചടങ്ങിൽ സംബന്ധിച്ചു.
No comments